| Tuesday, 14th December 2021, 8:28 am

വി.സി നിയമനം: ഗവര്‍ണറുടെ വിമര്‍ശനം ആയുധമാക്കി പ്രതിപക്ഷം; ഉമ്മന്‍ചാണ്ടിയുടെ പഴയ കത്ത് വെച്ച് പ്രതിരോധവുമായി സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍വകലാശാലകളിലെ വി.സി നിയമനവുമായി ബന്ധപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനം സര്‍ക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. ഗവര്‍ണറുമായി മന്ത്രി ആര്‍.ബിന്ദു നടത്തിയ കത്തിടപാടുകള്‍ പുറത്തുവന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തില്‍ ആയിരിക്കുകയാണ്.

മന്ത്രി രാജി വെക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനെതിരെ നടത്തിയ ആരോപണങ്ങള്‍ ശരിയാണെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ടാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഗവര്‍ണര്‍ക്ക് കത്തു നല്‍കിയത്.

കണ്ണൂര്‍ സര്‍വകലാശാലയുടെ വി.സിയെ കണ്ടെത്താനായി രൂപീകരിച്ച മൂന്നംഗ സെര്‍ച്ച് കമ്മറ്റിയുടെ പ്രവര്‍ത്തനം റദ്ദുചെയ്യണം, വി.സി സ്ഥാനത്തേക്ക് ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണം എന്നിവയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു ഗവര്‍ണരോട് ആവശ്യപ്പെട്ടത്.

തുടര്‍ന്ന് വി.സി നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സര്‍വകലാശാലകള്‍ സി.പി.ഐ.എം സെന്ററാക്കുന്നെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു.

സി.പി.ഐ.എം നേതാവിന്റെ ബന്ധുക്കള്‍ക്ക് മാത്രം യൂണിവേഴ്സിറ്റികളില്‍ ജോലി ലഭിക്കുന്നുള്ളുവെന്നും ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ യോഗ്യതയുള്ളവര്‍ ഇത്തരം പോസ്റ്റുകളിലേക്ക് അപേക്ഷിക്കാന്‍ പോലും തയ്യാറാവാറില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

അതേസമയം ഗവര്‍ണര്‍മാരെ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ പദവിയില്‍ വേണ്ടെന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേന്ദ്രത്തിന് അയച്ച കത്ത് വെച്ചാണ് വിമര്‍ശനങ്ങളെ സി.പി.ഐ.എം പ്രതിരോധിക്കുന്നത്.

മദന്‍ മോഹന്‍ പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് 2015ന് ഓഗസ്റ്റ് 26ന് അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണാണ് കേന്ദ്രത്തിന് കത്ത് നല്‍കിയത്. ഭരണഘടനാപരമായ ചുമതലയുള്ള ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കേണ്ടതില്ല, ചാന്‍സലര്‍ പദവി ഗവര്‍ണര്‍ക്ക് നല്‍കിയ തീരുമാനത്തില്‍ കാലത്തിനനുസരിച്ച് മാറ്റം വരുത്തണം എന്നിങ്ങനെയാണ് കത്തിലുള്ളത്.

ഗവര്‍ണറുടെ വിമര്‍ശനം യു.ഡി.എഫ് സര്‍ക്കാരിനെതിരായി ഉപയോഗിക്കുമ്പോഴാണ് പ്രതിരോധം തീര്‍ത്ത് സി.പി.ഐ.എം രംഗത്ത് എത്തിയത്. ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സി.പി.ഐയും രംഗത്ത് എത്തി.

സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ മാന്യത ലംഘിച്ചെന്നും രഹസ്യമായി വെക്കേണ്ടിയിരുന്ന കത്തിടപാടുകള്‍ ഗവര്‍ണര്‍ പരസ്യമാക്കിയത് ശരിയായില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണരെ മാറ്റാന്‍ എല്‍.ഡി.എഫ് ആഗ്രഹിക്കുന്നില്ല. അതിന് വേണ്ടി നിര്‍ബന്ധിക്കരുതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഗവര്‍ണറുടെ നിലപാട് ദുരൂഹതയുണ്ടാക്കുന്നുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. ഗവര്‍ണറും സര്‍ക്കാറും ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്. ഗവര്‍ണര്‍ തന്നെ ചാന്‍സലറായി തുടരണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹമെന്നുമാണ് കോടിയേരി പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.സര്‍വകലാശാലകളിലെ സര്‍ക്കാര്‍ ഇടപെടലില്‍ എതിര്‍പ്പറിയിച്ച് രംഗത്ത് എത്തിയത്. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗവര്‍ണര്‍ ഉന്നയിച്ചത്.

സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പരമാധികാര പദവി വേണമെങ്കില്‍ താന്‍ ഒഴിഞ്ഞു തരാമെന്നും സര്‍ക്കാരിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നും ഗവര്‍ണര്‍ കത്തില്‍ പറഞ്ഞിരുന്നു.

സംസ്ഥാനത്ത് ഒരു വൈസ് ചാന്‍സലര്‍ക്ക് അതേ സര്‍വകലാശാലയില്‍ പുനര്‍നിയമനം നല്‍കുന്നത് ആദ്യമായാണ്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനാണ് കലാവധി അവസാനിക്കുന്ന അന്ന് തന്നെ പുനര്‍നിയമനം നല്‍കിയത്.

സര്‍ക്കാരിന്റെ ശിപാര്‍ശ പ്രകാരമാണ് ഗവര്‍ണര്‍ വി.സിക്ക് പുനര്‍നിയമനം നല്‍കിയത്. അതോടൊപ്പം 60 വയസ് കഴിഞ്ഞവരെ വി.സിയാക്കരുതെന്ന ചട്ടം മറി കടന്നുകൊണ്ടാണ് പുനര്‍നിയമനം നടത്തിയതെന്ന പരാതി ഉയരുന്നുണ്ട്.

തുടര്‍ന്ന് ഗവര്‍ണറുടെ വിമര്‍ശനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ മറുപടി പറഞ്ഞിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും വി.സിമാരുടെ നിയമനം കക്ഷി രാഷ്ട്രീയപരമായല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അക്കാദമിക മികവുള്ള വി.സിമാരാണ് കേരളത്തിലുള്ളത്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നല്ല ബന്ധമാണ്. അദ്ദേഹത്തിന് മോശമായ രീതിയിലുള്ള ഒന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും പിണറായി പറഞ്ഞു.

യൂണിവേഴ്‌സിറ്റികളുടെ ചാന്‍സിലര്‍ സ്ഥാനം സര്‍ക്കാര്‍ ആഗ്രഹിക്കുന്നല്ല. അത് ഗവര്‍ണര്‍ തന്നെ കൈകാര്യം ചെയ്യണം എന്ന് തന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഇപ്പോഴുള്ള നിലപാടില്‍ നിന്ന് ഗവര്‍ണര്‍ പിന്നോട്ട് പോകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

VC Appointment: Opposition use Criticism of Governor against government; CPI (M) defends with Oommen Chandy’s old letter

We use cookies to give you the best possible experience. Learn more