കോഴിക്കോട്: പത്മഭൂഷന്‍ ലഭിച്ച നമ്പി നാരായണനെതിരെ ആരോപണം ഉന്നയിച്ച ടി.പി സെന്‍കുമാറിനെതിരെ വ്യാപക പ്രതിഷേധം. എന്ത് സംഭാവന നല്‍കിയിട്ടാണ് നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതെന്ന് അവാര്‍ഡ് നല്‍കിയവരും ശുപാര്‍ശ ചെയ്തവരുമെല്ലാം വിശദീകരിക്കണമെന്നും ഇങ്ങനെയാണെങ്കില്‍ ഗോവിന്ദച്ചാമിമാര്‍ക്കും അമീറുള്‍ ഇസ്‌ലാമിനുമെല്ലാം പത്മവിഭൂഷണ്‍ കൊടുക്കുമോയെന്നുമായിരുന്നു മുന്‍ പൊലീസ് മേധാവി കൂടിയായ സെന്‍കുമാര്‍ ചോദിച്ചത്. സെന്‍കുമാറിന്റെ പരാമര്‍ശത്തിനെതിരെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേരാണ് രംഗത്തെത്തുന്നത്.
സംവിധായകന്‍ വിസി അഭിലാഷ് സെന്‍കുമാറിനെ വിമര്‍ശിച്ചത് നമ്പി നാരായണന്‍ രാജ്യത്തിന് നല്‍കിയ സംഭാവനകളെ ചൂണ്ടിക്കാട്ടിയായിരുന്നു. “ശ്രീമാന്‍ സെന്‍കുമാര്‍ അറിയാന്‍, മിനിഞ്ഞാന്ന് രാത്രിയുടെ അന്ത്യയാമങ്ങളില്‍ അതായത്, താങ്കള്‍ മൂത്രമൊഴിക്കാന്‍ പുറത്തേക്കിറങ്ങുന്ന ആ പാതിരാനേരത്ത് ഇന്ത്യ ഒരു റോക്കറ്റ് മാനത്തേക്ക് വിജയകരമായി പറഞ്ഞു വിട്ടു. അതിന്റെ പേര് PSLV C 44. ഈ റോക്കറ്റ്, നിങ്ങള്‍ പരിഹസിച്ച നമ്പി നാരായണന്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിന് നല്‍കിയ മഹത്തായ സംഭാവനയാണ് എന്ന കാര്യം നിങ്ങള്‍ക്കറിയാമോ?” എന്നായിരുന്നു ഫേസ്ബുക്കിലൂടെ അഭിലാഷ് സെന്‍കുമാറിനെ വിമര്‍ശിച്ചത്.
ആ റോക്കറ്റിലെ സെക്കന്‍ഡ് സ്റ്റേജിലെ നാല് എന്‍ജിനുകള്‍ നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്റെ പ്രതിഭയുടെ സൃഷ്ടിയാണ്. ഇന്നോളം ഒരു പരാജയവും നേരിടാത്ത, മംഗള്‍യാനടക്കം ഉയരങ്ങളിലേക്ക് കൊണ്ടുപോയ, വികാസ് എന്‍ജിന്റെ ചരിത്രം സമയം കിട്ടുമ്പോള്‍ ഗൂഗിളില്‍ തപ്പി നോക്കുക. അങ്ങനെ ഏമാന് വിവരം വയ്ക്കട്ടെയെന്നും അഭിലാഷ് പരിഹസിച്ചു.
സെന്‍കുമാറിന് മറുപടിയുമായി നമ്പിനാരായണനും രംഗത്തെത്തിയിരുന്നു. മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ആരുടെ ഏജന്റായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലെന്ന് നമ്പി നാരായണന്‍. താന്‍ കൊടുത്ത മാനനഷ്ട കേസിലെ പ്രതിയാണ് സെന്‍കുമാറെന്നും നമ്പി നാരായണന്‍ പറഞ്ഞു. കേസില്‍ പെടുമോയെന്ന് സെന്‍കുമാറിന് ഭയമുണ്ടാകും. തനിക്ക് പത്മപുരസ്‌കാരം നല്‍കിയ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത മുന്‍ ഡി.ജി.പിക്ക് ശക്തമായ ഭാഷയിലാണ് നമ്പി നാരായണന്റെ മറുപടി നല്‍കിയത്.
അതേസമയം സെന്‍കുമാറിന്റെ അസഹിഷ്ണുതയില്‍ നിന്നാണ് നമ്പി നാരായണനെതിരെയുള്ള പ്രസ്താവനയെന്നും സെന്‍കുമാറിനെ പോലൊരാള്‍ കേരളത്തിന്റെ ഡി.ജി.പിയായിരുന്നെന്നതില്‍ ദുഖിക്കുന്നെന്നുമായിരുന്നു മന്ത്രി ഇ.പി ജയരാജന്റെ പ്രതികരണം.
നേരത്തെ സെന്‍കുമാറിന് എതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എ.കെ ബാലനും ഗണേഷ്‌കുമാര്‍ എം.എല്‍.എയും രംഗത്തെത്തിയിരുന്നു. ഒരു സാധുമനുഷ്യനെ വേട്ടയാടിയത് ആരാണെന്ന് ഇപ്പോള്‍ മനസിലായെന്നും ആരെ കുറിച്ചും എന്തും പറയാമെന്ന ഹുങ്കാണ് സെന്‍കുമാറിനെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.