| Friday, 8th February 2019, 5:10 pm

ദൃശ്യാവതരണത്തില്‍ ഈ മനുഷ്യനെപ്പോലെ 'വെറൈറ്റി പീസ്' വേറെയേതുണ്ട്; ഷൈജു ഖാലിദിനെക്കുറിച്ച് വി.സി അഭിലാഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത “കുമ്പളങ്ങി നൈറ്റ്‌സ്” മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ മികച്ച പ്രതികരണമാണ് പ്രക്ഷകരില്‍ നിന്നും ലഭിച്ചത്. തിരക്കഥയും സംഗീതവും മെയ്ക്കിംഗുമെല്ലാം പ്രശംസ പിടിച്ചു പറ്റിയപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ കയ്യടി കിട്ടിയത് ഒരു പക്ഷെ ഷൈജു ഖാലിദിന്റെ ക്യാമറ വര്‍ക്കിനായിരിക്കാം. നിരവധി പേരാണ് ഷൈജുവിന്റെ ക്യാമറ വര്‍ക്കിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

ഇപ്പോഴിതാ ഷൈജു ഖാലിദിന്റെ ക്യാമറയെ അഭിനന്ദിച്ച് സംവിധായകന്‍ വി.സി അഭിലാഷും രംഗത്തെത്തിയിരിക്കുകയാണ്.

Read Also : “എനിക്ക് എന്റെ ഒപ്പീനിയന്‍, ചേട്ടന് ചേട്ടന്റെ ഒപ്പീനിയന്‍” കുമ്പളങ്ങിയിലെ ബേബിമോള്‍ സംസാരിക്കുന്നു

“കുമ്പളങ്ങി ഇഷ്ടത്തില്‍ വിക്കിപീഡിയയില്‍ കയറി ഷൈജു ഖാലിദ് ക്യാമറ ചെയ്ത സിനിമകളിലേക്കൊന്ന് കണ്ണോടിച്ചു. ട്രാഫിക് മുതല്‍ കുമ്പളങ്ങി നൈറ്റ്‌സ് വരെ അതാത് സമയങ്ങളിലെ ശ്രദ്ധേയ ചിത്രങ്ങള്‍. സാള്‍ട്ട് & പേപ്പറും മഹേഷിന്റെ പ്രതികാരവുമടക്കം മലയാള സിനിമയുടെ മൈല്‍ സ്റ്റോണുകളായ വര്‍ക്കുകള്‍. ഒരേ വര്‍ഷം തന്നെ രാജ്യം ശ്രദ്ധിക്കുന്ന ഈമയൗവും സുഡാനിയും. ദൃശ്യാവതരണത്തില്‍ ഈ മനുഷ്യനെപ്പോലെ “വെറൈറ്റി പീസ്” വേറെയേതുണ്ട്” എന്നാണ് അഭിലാഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍ ഇന്നോളം ഒരു സുപ്രധാന അവാര്‍ഡും ഈ മനുഷ്യനെ തേടി വന്നിട്ടില്ലെന്നും ഇനി അദ്ദേഹത്തെ തേടിയെത്തേണ്ടത് പത്മശ്രീ പോലുള്ള അംഗീകാരങ്ങളാണെന്നും അത്രമേല്‍ അയാള്‍ നമ്മുടെ നവസിനിമയെ സ്വാധീനിച്ചിട്ടുണ്ടെന്നും അഭിലാഷ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കുമ്പളങ്ങി തന്നെ എടുക്കുക. ആ നാടിനെ പറ്റി പൊതു മലയാളിയ്ക്കുള്ള രൂപമെന്താണ്. നിരയായി നില്‍ക്കുന്ന തെങ്ങുകളും കണ്ണെത്താത്തിടത്തോളം പരന്ന ജലക്കെട്ടുകളും മാനത്തെ തുറന്ന വെള്ള മേഘ സഞ്ചാരികളുമൊക്കെയല്ലേ. എന്നാല്‍ ഈ കാല്‍പനികതയെ കണ്ടില്ലെന്ന് നടിച്ച് ക്യാമറ കൊണ്ട് മറ്റൊരു ലോകം പരിചയപ്പെടുത്തുകയാണ് സിനിമാട്ടോഗ്രാഫര്‍; (ഇടുക്കി എന്ന് കേട്ടാലുടന്‍ ആ ആര്‍ച്ച് ഡാമിന് നേരെ ക്യാമറ തിരിക്കുന്ന പൊതു ശൈലിയെ മഹേഷില്‍ പൊളിച്ചടുക്കിയതുപോലെ!)

ഈമയൗവില്‍ കടലിന് നേരെ തിരിച്ചു വച്ച് പിടിച്ചെടുത്ത ഫ്രെയിമുകള്‍ ശ്രദ്ധിക്കുക. കരയിലെ വാവച്ചന്‍ മേസിരിയുടെ വീട്ടിലെ സകല സംഘര്‍ഷങ്ങളും കടലില്‍ അലയടിക്കുന്നത് കാണാം.

അങ്ങനെ എല്ലാ സിനിമകളും!

വിചിത്രമെന്ന് പറയട്ടെ,
വിക്കിപീഡിയ പറയുന്നു, ഇന്നോളം ഒരു സുപ്രധാന അവാര്‍ഡും ഈ മനുഷ്യനെ തേടി വന്നിട്ടില്ല.
(അവാര്‍ഡുകളല്ല ഒന്നിന്റേയും മാനദണ്ഡമെന്നൊക്കെ പറയാമെങ്കിലും, അവ തരുന്ന ഊര്‍ജ്ജം വലുതാണല്ലൊ.)

2011 മുതല്‍ ഷൈജു ഖാലിദിന്റെ ചലച്ചിത്ര ജീവിതം/അല്ലെങ്കില്‍ ആ സിനിമകള്‍ വരും തലമുറയ്ക്ക് പാഠപുസ്തകമാണ്. അയാള്‍ സഹകരിച്ച സിനിമകള്‍ അവയ്ക്ക് അടിവരയിടുന്നു.

2010 ന് ശേഷമുള്ള മലയാള സിനിമയുടെ വഴിമാറ്റ നടത്തയുടെ ഈ അണിയറക്കാരന് ഇതിനും എത്രയോ മുമ്പ് സംസ്ഥാന – ദേശീയ പുരസ്‌കാരങ്ങള്‍ കിട്ടേണ്ടതായിരുന്നു.

Image may contain: 1 person, outdoor, water and nature

ഇനി അദ്ദേഹത്തെ തേടിയെത്തേണ്ടത് പത്മശ്രീ പോലുള്ള അംഗീകാരങ്ങളാണ് എന്നാണ് എന്റെ പക്ഷം. അത്രമേല്‍ അയാള്‍ നമ്മുടെ നവസിനിമയെ സ്വാധീനിച്ചിട്ടുണ്ട്!

(NB : ദേശീയ അവാര്‍ഡ് കിട്ടിയിട്ടുണ്ട് എന്ന് ഒരു പൊതു വേദിയില്‍ പറയാന്‍ പലപ്പോഴും എനിക്ക് മടി തോന്നാറുണ്ട്. കാരണം അന്നേരങ്ങളിലൊക്കെ ഓര്‍ത്ത് പോകുന്നത് വിന്‍സന്റ്മാസ്റ്ററും രാമചന്ദ്രബാബുവും മുതല്‍
ജഗതി ശ്രീകുമാര്‍ വരെ ഈ അംഗീകാരങ്ങള്‍ ഇന്നോളം തേടിയെത്താത്ത ഇതിഹാസ മനുഷ്യരെ / മാസ്റ്റേഴ്‌സിനെയാണ്; ഇപ്പോള്‍ ഷൈജു ഖാലിദ് എന്ന ഇന്നിന്റെ വിസ്മയത്തേയും!

We use cookies to give you the best possible experience. Learn more