കോഴിക്കോട്: മികച്ച സാമൂഹ്യപ്രസക്തിയുള്ള സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടുകയും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഇന്ദ്രന്‍സിനു നേടിക്കൊടുക്കുകയും ചെയ്ത ‘ആളൊരുക്ക’ത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ വി.സി അഭിലാഷ് രണ്ടാമത്തെ സിനിമയ്‌ക്കൊരുങ്ങുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അഭിലാഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
തന്റെ ആദ്യ സിനിമ നിര്‍മിച്ച ജോളിവുഡ് മൂവീസിന്റെ ബാനറില്‍ തന്നെയാണു രണ്ടാമത്തെ സിനിമയും ഒരുങ്ങുന്നത്. നിര്‍മാതാവ് ജോളി ലോനപ്പനോടൊപ്പം രണ്ടാമത്തെ സിനിമ ചെയ്യാനായതിന്റെ സന്തോഷം പോസ്റ്റില്‍ അഭിലാഷ് പങ്കുവെച്ചു.
ആളൊരുക്കം 23-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ഐ.എഫ്.എഫ്.കെ) പ്രദര്‍ശിപ്പിക്കാതിരുന്നതു നേരത്തേ വിവാദമായിരുന്നു. അതു നീതികേടാണെന്ന് അഭിലാഷ് തന്നെ അഭിപ്രായപ്പെട്ടിരുന്നു. ആഗ്രഹിക്കാത്ത കുറേ വിവാദങ്ങളിലേക്ക് ആദ്യ സിനിമ ചെന്നെത്തിയിരുന്ന കാര്യം അദ്ദേഹം ഇന്നിട്ട പോസ്റ്റിലും സൂചിപ്പിക്കുന്നുണ്ട്.
ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ക്കു പുറമേ നാലു വിഭാഗങ്ങളില്‍ കേരളാ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍, പ്രഥമ തിലകന്‍ സ്മാരക പെരുന്തച്ചന്‍ അവാര്‍ഡ്, അടൂര്‍ഭാസി പുരസ്‌കാരം, വിദേശത്തും സ്വദേശത്തുമായി അരഡസനിലേറെ ഫിലിം ഫെസ്റ്റിവലുകളിലെ പ്രദര്‍ശനം എന്നിങ്ങനെ ഒട്ടേറെ അംഗീകാരങ്ങള്‍ ആളൊരുക്കം നേടിയിട്ടുണ്ട്.
വി.സി അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
‘പ്രിയപ്പെട്ടവരെ,
അങ്ങനെ ആളൊരുക്കത്തിന് ശേഷം എന്റെ രണ്ടാമത്തെ സിനിമ ഒരുങ്ങിത്തുടങ്ങുകയാണ്.
ആദ്യസിനിമയ്ക്കായി എനിക്ക് വാതില്‍ തുറന്ന് തന്ന പ്രിയപ്പെട്ട ജോളി സര്‍ Jolly Lonappan തന്നെ ഞാന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന രണ്ടാമത്തെ സിനിമയും ജോളീവുഡ് മൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നു എന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നു.
ഒരു സിനിമ തീയറ്റര്‍ വിട്ട് പോയിക്കഴിഞ്ഞിട്ടും നിര്‍മ്മാതാവും സംവിധായകനും തമ്മിലുള്ള സൗഹൃദം പൂര്‍വ്വാധികം ഭംഗിയായി അഭംഗുരം തുടരുന്നു എന്നത് വളരെ വലിയൊരു കാര്യമായി ഞാന്‍ കാണുന്നു.
ആദ്യ സിനിമ-ആളൊരുക്കം-എന്റെ ജീവിതത്തെ തന്നെ വഴിതിരിച്ചുവിട്ട സിനിമയാണ്.
കഴിഞ്ഞ വര്‍ഷം ഒട്ടേറെ ദേശീയ-അന്തര്‍ ദേശീയ അംഗീകാരങ്ങള്‍/ ഫെസ്റ്റിവല്ലുകള്‍, പ്രിയപ്പെട്ട നടന്‍ ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്, ഒടുവില്‍ രാജ്യത്തെ ഏറ്റവും മികച്ച സാമൂഹിക പ്രസക്തിയേറിയ ചിത്രത്തിനുള്ള പുരസ്‌കാരത്തിലൂടെ ദേശീയ ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ വരെ ആളൊരുക്കം ഞങ്ങളെ എത്തിച്ചു. (പിന്നെ ആഗ്രഹിക്കാത്ത കുറേ വിവാദങ്ങളിലേക്കും!)
പുതിയ ചിത്രത്തില്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിധത്തിലുള്ള ഒരു പ്രമേയമാണ് ഞങ്ങള്‍ പറയുന്നത്. മലയാളത്തിനകത്തും പുറത്തും നിന്നുള്ള ഒട്ടേറെ കലാകാരന്‍മാര്‍ ഈ ചിത്രത്തിലുണ്ടാവും. ടൈറ്റില്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കാം എന്ന് കരുതുന്നു.
ആളൊരുക്കത്തിന് നല്‍കിയ പിന്തുണ ഈ ചിത്രത്തിനുമൊപ്പം ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു.
ഒപ്പം,
ആളൊരുക്കത്തിലൂടെ എന്റെ സിനിമാസ്വപ്നങ്ങളെ കൈപിടിച്ച് നടത്താന്‍ സഹായിച്ച പ്രിയപ്പെട്ട വര്‍ഗീസിച്ചായന്‍ Varghese Fernandez,
ബെന്നിച്ചായന്‍ Benny Antony,
നാന്‍സി.. Nancy Ben
ഈ സമയം മറക്കാനാവാത്ത പേരുകള്‍..’