ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വി.ബി ചന്ദ്രശേഖര്‍ (57) അന്തരിച്ചു. ചെന്നൈയില്‍ വെച്ച് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. തമിഴ്‌നാട് സ്വദേശിയാണ്.
ക്രിക്കറ്റ് മേഖലയില്‍ ‘വി.ബി’ എന്നറിയപ്പെടുന്ന ചന്ദ്രശേഖര്‍ ഇന്ത്യക്കു വേണ്ടിയും തമിഴ്‌നാടിനു വേണ്ടിയും ഓപ്പണറായാണു കളിച്ചിട്ടുള്ളത്. ഇന്ത്യന്‍ ടീമില്‍ ഏറെനാള്‍ ഇല്ലായിരുന്നെങ്കിലും ക്രിക്കറ്റിന്റെ സമസ്ത മേഖലകളിലും മുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം.
ഏഴ് ഏകദിനങ്ങള്‍ മാത്രം ഇന്ത്യക്കു വേണ്ടി കളിച്ച ചന്ദ്രശേഖറിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ 53 റണ്‍സാണ്. ആക്രമണാത്മക ബാറ്റിങ്ങിനാണ് ആഭ്യന്തര ക്രിക്കറ്റില്‍ വി.ബി പേരെടുത്തിട്ടുള്ളത്.
1988-ല്‍ രഞ്ജി ട്രോഫി നേടിയ തമിഴ്‌നാട് ടീമില്‍ അംഗമായിരുന്നതിനുശേഷം പിന്നീട് കോച്ചിങ്ങിലേക്കും കമന്ററിയിലേക്കും തിരിയുകയായിരുന്നു. കുറച്ചുനാള്‍ ദേശീയ സെലക്ടറായും സേവനും അനുഷ്ഠിച്ചു.
ആദ്യ മൂന്നുവര്‍ഷം ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മാനേജറായിരുന്നു. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ (ടി.എന്‍.പി.എല്‍) കാഞ്ചി വീരന്‍സ് എന്ന ടീമിന്റെ ഉടമ കൂടിയാണ് വി.ബി. ചെന്നൈയില്‍ ഒരു ക്രിക്കറ്റ് അക്കാദമിയും വി.ബിക്കുണ്ട്. ഭാര്യയും രണ്ട് മക്കളുമുണ്ട്.
വി.ബിയുടെ മരണവാര്‍ത്തയറിഞ്ഞ് താന്‍ ഞെട്ടിയെന്നും വിശ്വസിക്കാനാവുന്നില്ലെന്നുമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൃഷ്ണാമചാരി ശ്രീകാന്ത് പ്രതികരിച്ചത്. ഇന്ത്യക്കു വേണ്ടി അദ്ദേഹം അധികം കളിച്ചിട്ടില്ലെന്നതു നിര്‍ഭാഗ്യകരമാണെന്ന് ശ്രീകാന്ത് പറഞ്ഞു.
ശ്രീകാന്തിനോടൊപ്പം കമന്ററി ബോക്‌സില്‍ ഏറെക്കാലം വി.ബിയുണ്ടായിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 81 മത്സരങ്ങളില്‍ നിന്ന് 4999 റണ്‍സ് നേടിയ അദ്ദേഹത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ 237 ആണ്. ഇടക്കാലത്ത് വിക്കറ്റ് കീപ്പിങ്ങും ചെയ്തിരുന്നു.