| Friday, 22nd March 2019, 9:14 am

ബോണക്കാടിന്റെ ഹൃദയത്തിലൂടെ വാഴ്‌വന്തോള്ളിന്റെ കുളിരിലേയ്ക്ക് ഒരു യാത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊന്നു ടോമി

യാത്രകള്‍, അത് ചെറുതോ വലുതോ ആകട്ടെ, പക്ഷേ അത് അവിസ്മരണീയമായിരിക്കും, ചില യാത്രകള്‍ ആരംഭിക്കുമ്പോള്‍ തോന്നും വെറുതെയാണോ എന്ന്, എന്നാല്‍ യാത്ര പൂര്‍ത്തിയാവുമ്പോള്‍ ഒരു യാത്രയും വെറുതെയല്ല എന്നു ബോധ്യമാവും…വാഴ്‌വാന്തോള്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നതും അത്തരം അനുഭവമായിരിക്കും,
കേരളത്തിലെ അതിമനോഹര വെള്ളച്ചാട്ടങ്ങളില്‍ പ്രമുഖന്‍ എന്ന് വേണമെങ്കില്‍ വാഴവാന്തോളിനെ വിശേഷിപ്പിക്കാം.

കാട്ടിനുള്ളില്‍ അധികമാരും കടന്നുചെല്ലാത്ത ഒരിടത്ത് പ്രകൃതി കാത്തുസൂക്ഷിക്കുന്ന നിധികളില്‍ ഒന്ന്. തിരുവനന്തപുരത്ത് എത്തുന്നവര്‍ക്ക് സ്ഥിരം കണ്ടയിടങ്ങളില്‍ നിന്നും വ്യത്യസ്തമാര്‍ന്നൊരു യാത്രയായിരിക്കും ബോണക്കാട് വഴി വാഴ്‌വാന്തോളിലേയ്ക്ക്.

ബോണക്കാട് എന്ന തേയിലദേശം ഇവിടേക്ക് നിങ്ങള്‍ക്ക് സ്വാഗതമരുളും. അതിമനോഹരമായ തേയില എസ്റ്റേറ്റുകളിലൂടെ യാത്ര ചെയ്യാന്‍ തന്നെ നല്ല രസമായിരിക്കും, ഏകദിന സഞ്ചാര പദ്ധതിയുമായി വരുന്നവര്‍ക്ക് നിറയെയുണ്ട് ബോണക്കാട്ടില്‍. അത്യാവശ്യം വേണ്ട ചെറിയ ട്രെക്കിംഗിനുള്ള മലകളും ദൂരെ തലയുയര്‍ത്തി നില്‍ക്കുന്ന വാച്ച് ടവറുകളും കാടിനു നടുവിലൂടെയുള്ള യാത്രയുമൊക്കെ ബോണക്കാട് എന്ന സുന്ദരി സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

അഗസ്ത്യകൂടത്തിന്റെ ബേസ്‌ക്യാപാണ് ബോണക്കാട് എന്ന ഈ തേയിലനാട്. തിരുവനന്തപുരം നെടുമങ്ങാട് വിതുര പിന്നിട്ട് തേവിയോടു നിന്നും വലത്തോട്ട് തിരിഞ്ഞ് കാനനപാതയിലൂടെ വേണം ബോണക്കാട് എത്താന്‍. ഏകദേശം 45 കിലോമീറ്റര്‍ ദൂരമുണ്ടാകും ഇത്. കാണിത്തടം ചെക്‌പോസ്റ്റില്‍ നിന്നുമാണ് വാഴ്വാന്തോളിലേയ്ക്ക് പ്രവേശിക്കുന്നത്. ഇവിടെ നിന്നും പാസെടുത്ത് ഒരു കിലോമീറ്റര്‍ കൂടി വാഹനത്തില്‍ സഞ്ചരിക്കാം. പിന്നെ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല.

ഇനി നടത്തമാണ്. കാട്ടിനുള്ളിലൂടെ വനമൃഗങ്ങളെ കണ്ടും കിളികളെയും കാറ്റിനെയും കൂട്ടുപിടിച്ചൊരു നടത്തം. 2 കിലോമീറ്റര്‍ ഉള്ളിലേയ്ക്ക് നടന്നുവേണം വെള്ളച്ചാട്ടത്തിനടുത്തെത്താന്‍. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ നടത്തം ശരിക്കും ആസ്വദിക്കാം. കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും ഈ മലമ്പാതയുടെ പ്രത്യേകതയാണ്. ഇതൊക്കെ തരണം ചെയ്ത് ഒരു മണിക്കൂറെങ്കിലും എടുക്കും വെള്ളച്ചാട്ടത്തിന് അടുത്തെത്താന്‍.

ഫോറസ്റ്റ് ചെക്ക് പോസ്റ്റിനടുത്താണ് വാഴ്‌വാന്തോല്‍ വെള്ളച്ചാട്ടം. മൂന്ന് തട്ടുകളിലായി പരന്നൊഴുകുന്ന ഈ അമൃതധാര ധാരയെ കണ്ടിരിക്കാന്‍ തന്നെ സുഖമാണ്. ബോണക്കാട് എസ്റ്റേറ്റിനകത്തുകൂടി ഒഴുകിയെത്തുന്ന കാട്ടാറാണ് ഇവിടുത്തെ ജലസമ്പത്ത്. ഇത് പിന്നീട് പേപ്പാറ ഡാമിലെത്തിച്ചേരുന്നു.

അധികമാരും എത്തിപ്പെടാത്തൊരിടം കൂടിയാണിവിടം. അതുകൊണ്ട് തന്നെ പ്രകൃതിയെ അതിന്റെ തനിമയോടെ തന്നെ നമുക്ക് ആസ്വദിക്കാനാകും.ഇതൊരു പ്രഖ്യാപിത ടൂറിസ്റ്റ് കേന്ദ്രമല്ലാത്തതുകൊണ്ട് ഫോറസ്റ്റ് ഗാര്‍ഡുകളുടെ സഹായം ലഭ്യമാകില്ല. സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം ഇവിടെ പോകാന്‍.

വെള്ളച്ചാട്ടത്തില്‍ കുളിക്കാനായി പ്രത്യേക സൗകര്യമൊന്നും ഒരുക്കിയിട്ടില്ലെങ്കിലും ആവശ്യക്കാര്‍ക്ക് എല്ലാ മുന്‍കരുതലോടുകൂടിയും കുളിയ്ക്കാവുന്നതാണ്. പാറകള്‍ വഴുക്കുള്ളതായതുകൊണ്ട് പ്രത്യേകം ശ്രദ്ധവേണം.
ബോണക്കാട് തേയില ഫാക്ടറിയാണ് അവസാന പോയിന്റ്. പ്രതാപകാലത്ത് ആളും ബഹളവുമായി സജീവമായിരുന്ന തേയിലത്തോട്ടത്തില്‍ ഇന്ന് ആളനക്കം കുറവാണ്. തോട്ടത്തിലെ തേയില നുള്ളി അതേപടി തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്ന പണി മാത്രമാണിപ്പോള്‍ നടക്കുന്നത്. 70കള്‍ വരെ കൊളോണിയല്‍ പ്രതാപസ്മരണകള്‍ അതേപടി നിലനിന്നിരുന്ന ഫാക്ടറിയായിരുന്നു ഇത്.
ഇവിടേയ്ക്ക് സ്വന്തം വാഹനത്തിലോ കെഎസ്ആര്‍ടിസി ബസ് വഴിയോ എത്താവുന്നതാണ്. തിരുവനന്തപുരത്ത് നിന്നും നെടുമങ്ങാടുനിന്നുമെല്ലാം ബസ് കിട്ടും. യാത്രയില്‍ ആവശ്യം വേണ്ട വെള്ളവും ഭക്ഷണവും കരുതണം. കനത്ത മഴയുള്ള സമയങ്ങളില്‍ ഇവിടെ സന്ദര്‍ശനം നിരോധിക്കാറുണ്ട്. മറ്റ് വിവരങ്ങള്‍ക്ക് പേപ്പാറ വന്യജീവി സങ്കേതവുമായി ബന്ധപ്പെടാം. 04712360762
ബോണക്കാടും വാഴ്‌വാന്തോളും വിനോദസഞ്ചാരികള്‍ക്കായി പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന സര്‍പ്രൈസുകളില്‍ ചിലതുമാത്രമാണ്. സര്‍പ്രൈസ് നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമാണല്ലോ. അപ്പോള്‍ ഇങ്ങോട്ടേക്ക് തന്നെ വച്ചുപിടിച്ചോ ശരിക്കും ഞെട്ടുമെന്നുറപ്പ്.

We use cookies to give you the best possible experience. Learn more