തിരുവനന്തപുരം: ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ ഹോട്ടലുടമ പോലീസിന് കീഴടങ്ങി. വഴുതക്കാട് സാല്‍വ കഫെ ഉടമ കാസര്‍ഗോഡ് ബെയാര്‍ വില്ലേജ് കളന്തൂര്‍ വീട്ടില്‍ അബ്ദുല്‍ ഖാദര്‍ (50) ആണ് മ്യൂസിയം പോലീസില്‍ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.[]
കഴിഞ്ഞ ചൊവ്വാഴ്ച വഴുതക്കാട് സാല്‍വ കഫെയില്‍ നിന്ന് ഷവര്‍മ കഴിച്ച പത്തോളം പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവിടെ നിന്നും ഷവര്‍മ കഴിച്ച ശേഷം ബാംഗ്ലൂരിലേക്ക് പോയ ആലപ്പുഴ വീയപുരം മേല്‍പ്പാടം ആറ്റുമാലില്‍ സച്ചിന്‍ റോയ് മാത്യു അവിടെ വെച്ച് മരിച്ചിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പോയ അബ്ദുല്‍ഖാദര്‍ ബുധനാഴ്ച വൈകീട്ടോടെ കീഴടങ്ങുകയായിരുന്നു. ഷവര്‍മയില്‍ നിന്ന് വിഷബാധയുണ്ടാകാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നാണ് അബ്ദുല്‍ ഖാദര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
സച്ചിന്റെ മരണം സംബന്ധിച്ച് ബാംഗ്ലൂര്‍ കലാസിപാളയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അസ്വാഭാവിക മരണത്തിനാണ് കേസ്. അവിടെ നിന്നുള്ള കേസ് ഇവിടേയ്ക്ക് കൈമാറ്റം ചെയ്യുകയാണെങ്കില്‍ അതില്‍ അബ്ദുല്‍ ഖാദറിനെ പ്രതി ചേര്‍ക്കും.
ഇതിനിടെ ഭക്ഷ്യവിഷബാധയെക്കുറിച്ച് അന്വേഷിക്കാന്‍ ബാംഗ്ലൂരിലേക്ക് പോയ ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണര്‍ കെ. അനില്‍കുമാര്‍ സച്ചിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കണമെന്ന് ഫോറന്‍സിക് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.