സനല്‍ കുമാര്‍ ശശിധരന്റെ സംവിധാനത്തില്‍ ടൊവിനോ, കനി കുസൃതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ‘വഴക്ക്’ നോര്‍ത്ത് അമേരിക്കയില്‍ വെച്ച് നടക്കുന്ന ഒട്ടാവ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡിന് മത്സരിക്കാനൊരുങ്ങുന്നു. ജൂണ്‍ 16ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഒന്റാറിയോയിലെ ഒട്ടാവയിലെ വി.ഐ.പി സിനിപ്ലക്‌സ് സിനിമാസ് ലാന്‍സ്ഡൗണിലാണ് പ്രദര്‍ശനം നടക്കുന്നത്. ടൊവിനോ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
അഭിഭാഷകനായ ഒരു പുരുഷന്‍ ഭാര്യയെ ചതിച്ച് യാത്ര പോകുന്ന കഥയാണ് സിനിമയുടെ പ്രമേയം. അന്നുതന്നെ പരസ്പര സമ്മതത്തോടെ വിവാഹമോചനത്തില്‍ ഒപ്പിടാന്‍ കോടതിയില്‍ ഹാജരാകാമെന്ന് ഇയാള്‍ സമ്മതിച്ചിരുന്നു.
തിരിച്ചുപോകുമ്പോള്‍ ദാമ്പത്യ പ്രശ്നങ്ങള്‍ കാരണം വീടുവിട്ടിറങ്ങുന്ന സതി എന്ന മറ്റൊരു സ്ത്രീയെയും അവളുടെ മകളെയും അയാള്‍ കണ്ടുമുട്ടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സുദേവ് നായര്‍, ചന്ദ്രു സെല്‍വരാജ് തുടങ്ങിയവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
അജയന്റെ രണ്ടാം മോഷണമാണ് പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോയുടെ മറ്റൊരു ചിത്രം.
ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. യു.ജി.എം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത്.