'ചോരയുടെ നിറംകാവിയാകുംവരെ, പച്ചയാകുംവരെ ഞാന്‍ ചുവപ്പിന്റെ സഖാവായിരിക്കും' ബി.ജെ.പിയ്ക്കുവേണ്ടി പാട്ടെഴുതിയെന്ന വിമര്‍ശനങ്ങളോട് വയലാര്‍ ശരത് ചന്ദ്രവര്‍മ്മ
Daily News
'ചോരയുടെ നിറംകാവിയാകുംവരെ, പച്ചയാകുംവരെ ഞാന്‍ ചുവപ്പിന്റെ സഖാവായിരിക്കും' ബി.ജെ.പിയ്ക്കുവേണ്ടി പാട്ടെഴുതിയെന്ന വിമര്‍ശനങ്ങളോട് വയലാര്‍ ശരത് ചന്ദ്രവര്‍മ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st October 2017, 9:05 am

കോഴിക്കോട്: ബി.ജെ.പിക്കുവേണ്ടി പാട്ടെഴുതിയെന്നും മറ്റുമുള്ള വിമര്‍ശനങ്ങള്‍ യാഥാസ്ഥിതികമാണെന്നാണ് തന്റെ അഭിപ്രായമെന്ന് ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മ്മ. ഇതിന്റെ പേരില്‍ വിമര്‍ശിക്കുന്നവരോട് തന്റെ സാഹചര്യം ഇതാണെന്നേ പറയാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമം ആഴ്ചപതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചോരയുടെ നിറം കാവിയാകുംവരെ, പച്ചയാകുംവരെ ത്രിവര്‍ണമാകുംവരെ താന്‍ ചുവപ്പിന്റെ സഖാവായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

“പാട്ടെഴുത്ത് എന്റെ തൊഴിലാണ്. കമ്മ്യൂണിസ്റ്റുകാരനായ വയലാറിന്റെ മകനെന്ന നിലയില്‍ വിമര്‍ശിക്കുന്നവര്‍ ഏറെയാണ്. അവരോട് എന്റെ സാഹചര്യം ഇതാണെന്ന് പറയാനേ കഴിയൂ.” അദ്ദേഹം പറയുന്നു.


Also Read: മലബാറിലെ മുസ്‌ലീങ്ങള്‍ യാഥാസ്ഥിതികരാണെന്ന പ്രചാരണം തെറ്റെന്ന് ആ അനുഭവം എന്നെ പഠിപ്പിച്ചു: മലപ്പുറത്തുണ്ടായ അനുഭവം വിവരിച്ച് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ


വാളല്ലെന്‍ സമരായുധം എന്ന് പാടിയപ്പോള്‍ വയലാറും ഇത്തരം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. “എവിടെയാ വാഗ്ദത്ത ഭൂമി എന്ന് എഴുതിയപ്പോള്‍ ഒ.എന്‍.വി കുറുപ്പിനെതിരെയും വിമര്‍ശനങ്ങളുണ്ടായി. ഇത്തരം വിമര്‍ശനങ്ങള്‍ യാഥാസ്ഥിതികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ മാര്‍ച്ച് സോംങ് ഉള്‍പ്പെടെ രണ്ടു ഗാനങ്ങള്‍ വയലാര്‍ ശരത് ചന്ദ്രവര്‍മ്മ എഴുതിയിരുന്നു. വിപ്ലവകവിയായി അറിയപ്പെടുന്ന വയലാറിന്റെ മകന്‍ ബി.ജെ.പിക്കുവേണ്ടി പാട്ടെഴുതിയത് വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.

എന്നാല്‍ പാട്ടെഴുത്ത് തന്റെ ജോലിയും ജീവിതമാര്‍ഗവുമാണെന്നായിരുന്നു വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ മറുപടി. താന്‍ തന്റെ ജോലി ചെയ്ത് കൂലിയും വാങ്ങി. അല്ലാതെയുള്ള വിമര്‍ശനങ്ങളില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.