| Thursday, 23rd March 2017, 9:44 am

പാട്ടുവിറ്റ് പണം വാരുന്നവര്‍ ഉണ്ടാകാം, ഞങ്ങളെ ആ ഗണത്തില്‍പ്പെടുത്തേണ്ട: വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്


ആലപ്പുഴ: മലയാളികള്‍ക്ക് വയലാറിന്റെ പാട്ടുകള്‍ കേള്‍ക്കാന്‍ കുടുംബം തടസമാകില്ലെന്ന് വയലാര്‍ രാമവര്‍മ്മയുടെ മകന്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ. പാട്ടുകള്‍ പാടാനുള്ളതാണെന്നും നിയമക്കുരുക്കില്‍ പിടയാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ ആലപിക്കുന്നതിനെതിരെ ഇളയരാജ രംഗത്തുവന്ന സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“പാട്ടുവിറ്റ് പണം വാരുന്നവര്‍ ഉണ്ടാകാം. ഞങ്ങളെ ആ ഗണത്തില്‍പ്പെടുത്തേണ്ട. പാട്ടെഴുതുന്നവര്‍ ചങ്കൂറ്റം കാട്ടിയാല്‍ സംഗീതസംവിധായകരുടെയും പാട്ടുകാരുടെയും വഴിവിട്ട നിലപാടുകള്‍ക്കും കടിഞ്ഞാണ്‍ ഇടാന്‍ കഴിയും. ഗാനരചയിതാവ് ഇവര്‍ക്കൊപ്പം നിന്നാലേ കോടതിയില്‍ കേസിനു ബലമുണ്ടാകൂ.” അദ്ദേഹം പറഞ്ഞു.

പാട്ടുകള്‍ എല്ലാവര്‍ക്കും പാടാനും കേള്‍ക്കാനും അവസരമുണ്ടാകണം. അതാണ് പാട്ടെഴുത്തുകാരന്റെയും സംഗീതസംവിധായകന്റെയും പാട്ടുകാരന്റെയും വളര്‍ച്ചയ്ക്കും സംതൃപ്തിക്കും നല്ലത്. പാട്ടുകള്‍ മറ്റുള്ളവര്‍ പാടിക്കേള്‍ക്കുമ്പോള്‍ അതിന്റെ സൃഷ്ടികര്‍ത്താക്കള്‍ക്ക് സന്തോഷമാണ് തോന്നുന്നതും തോന്നേണ്ടതും.


Must Read: നിലപാടില്‍ വിയോജിപ്പ്; കുമ്മനത്തിന് അവാര്‍ഡ് നല്‍കാന്‍ പറ്റില്ലെന്ന് എ.കെ ബാലന്‍; അവാര്‍ഡ് ചടങ്ങ് മാറ്റിവച്ചു 


പണ്ട് ഗാനമേളകളുടെ ആരംഭഘട്ടത്തില്‍ യേശുദാസിനെതിരേ ജി. ദേവരാജനും ഇതുപോലെ രംഗത്തു വന്നിരുന്നു. കേസിനു നിലനില്‍പ്പില്ലെന്നു വന്നപ്പോള്‍ വയലാറിന്റെ കുടുംബാംഗങ്ങളെന്ന നിലയ്ക്ക് കക്ഷിചേരാന്‍ അഭ്യര്‍ഥിച്ചിരുന്നു. അച്ഛന്റെ മരണശേഷം ഞങ്ങള്‍ക്ക് തുണയായത് വലയാര്‍ ട്രസ്റ്റാണ്. അവരുമായി ആലോചിച്ചപ്പോള്‍ ട്രസ്റ്റിലെ അംഗമായിരുന്ന നോവലിസ്റ്റ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ ചോദിച്ചത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വയലാറിന്റെ പാട്ടുകളെ ഇല്ലാതാക്കണോ എന്നായിരുന്നു.

വയലാറിന്റെ കവിതകള്‍ തലമുറകളോളം നിലനില്‍ക്കണമെന്നും പണത്തിനായി ആര്‍ക്കും അത് തീറെഴുതി കൊടുക്കരുതെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ആ ഉപദേശമാണ് ഞങ്ങള്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഗാനത്തിന്റെ നിര്‍മിതിയില്‍ സംഗീതസംവിധായകനും രചയിതാവിനും പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കുമടക്കം നിരവധി പേര്‍ക്ക് പങ്കുണ്ട്. ഇളയരാജ ഗാനങ്ങളുടെ പകര്‍പ്പവകാശം വാങ്ങിയിട്ടുണ്ടോയെന്ന കാര്യം തനിക്കറിയില്ല. അതുകൊണ്ടു അതിനെ വിമര്‍ശിക്കാനും താനാളല്ല. ഒരുപക്ഷേ, ഗായകനു മാത്രം പണം കിട്ടിയാല്‍ മതിയോ എന്ന ചിന്തയാകാം ഇത്തരം നീക്കങ്ങളുടെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more