| Tuesday, 31st October 2017, 8:37 am

മലബാറിലെ മുസ്‌ലീങ്ങള്‍ യാഥാസ്ഥിതികരാണെന്ന പ്രചാരണം തെറ്റെന്ന് ആ അനുഭവം എന്നെ പഠിപ്പിച്ചു: മലപ്പുറത്തുണ്ടായ അനുഭവം വിവരിച്ച് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മലബാറിലെ മുസ്‌ലീങ്ങള്‍ തനി യാഥാസ്ഥിതികരാണെന്നും കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാര്‍ കുഴപ്പക്കാരാണെന്നുമൊക്കെയുള്ള പ്രചരണം തീര്‍ത്തും തെറ്റാണെന്ന് വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ. ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കാന്‍ മലപ്പുറത്ത് പോയ അനുഭവം വിവരിച്ചുകൊണ്ടാണ് ശരത് ചന്ദ്രവര്‍മ്മ തന്റെ വാദം മുന്നോട്ടുവെക്കുന്നത്. മാധ്യമം ആഴ്ചപതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില മുസ്‌ലിം സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ച് മലപ്പുറത്ത് പോയ അനുഭവം അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ:

“മലപ്പുറം കൊണ്ടോട്ടിയിലെ ചില മുസ്‌ലിം സുഹൃത്തുക്കള്‍ എന്നെ വിളിക്കുകയാണ്. അവിടെയുള്ള ക്ഷേത്രത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കാന്‍. അതിനായി ഞാന്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തുന്നു. അവിടെ എന്നെ സ്വീകരിക്കാനെത്തിയവരില്‍ ഭൂരിഭാഗവും മുസ്‌ലിം സഹോദരങ്ങളാണ്. അവര്‍ ആദ്യം പറഞ്ഞത് മത്സ്യം, മാസം, മദ്യം എന്നിവ പാടില്ലെന്നാണ്. എനിക്ക് ഒരു കല്ല്യാണത്തിനു പങ്കെടുക്കേണ്ടിയിരുന്നു. ആ വീട്ടില്‍ എല്ലാ വിഭവങ്ങളുമുണ്ട്. പക്ഷേ എല്ലാം എന്നില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുകയാണ്.”


Also Read: ചൈനീസ് ഉത്പന്നങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ ദല്‍ഹി ബി.ജെ.പി അദ്ധ്യക്ഷന്റെ ഐ ഫോണ്‍ കാണാതായി


“ക്ഷേത്രത്തിന്റെ ഈ ചടങ്ങ് ഭംഗിയായി നടത്തേണ്ടത് ഞങ്ങളുടെ ആവശ്യമാണെന്നും അത് ആചാരപ്രകാരം നടക്കണമെന്നും അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു. മലപ്പുറത്തേക്ക് വരുമ്പോള്‍ നല്ല ബിരിയാണി കൊതിച്ച ഞാന്‍ പട്ടിണിയിലാണ്. ഞാന്‍ വിശ്രമിച്ച വീട്ടില്‍ നിന്ന് നല്ല ബിരിയാണിയുടെ മണം ഉയരുന്നുണ്ടായിരുന്നു. സമയത്തിന് ഭക്ഷണം കഴിക്കാത്ത ഒരാളാണ് ഞാന്‍. അന്നാണ് ഞാന്‍ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണത്.” അദ്ദേഹം പറയുന്നു.

മതങ്ങള്‍ പോരടിക്കാനുള്ളതല്ല, പരസ്പരം കൂട്ടിയിണക്കാന്‍ കൂടിയുള്ളതാണെന്നാണ് ഇത്തരം അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മലബാറിലെ മുസ്‌ലീങ്ങളെക്കുറിച്ചുള്ള പ്രചാരണം തീര്‍ത്തും തെറ്റെന്ന് പഠിക്കുകയായിരുന്നു താനെന്നും അദ്ദേഹം വിശദീകരിക്കുന്നു.

“ഇവിടെയാണ് മലബാറിലെ മുസ്‌ലീങ്ങള്‍ തനി യാഥാസ്ഥിതികരാണെന്നും കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാര്‍ കുഴപ്പക്കാരാണെന്നും മറ്റുമുള്ള പ്രചാരണം ആലപ്പുഴ ഭാഗത്തൊക്കെ നടക്കുന്നത് വിരോധാഭാസമായി മാറുന്നത്. ഇതൊക്കെ തീര്‍ത്തും തെറ്റെന്ന് പഠിക്കുകയായിരുന്നു ഞാന്‍. എവിടെയോ ഉള്ള, മുസ്‌ലിം സുഹൃത്തുക്കള്‍, എവിടെയോ ഉള്ള എന്നെ വിളിച്ച് ഹിന്ദു സഹോദരങ്ങളുടെ വിശ്വാസ സംരക്ഷണത്തിനായി ഇറങ്ങിത്തിരിക്കുന്ന അനുഭവം വളരെ വലുതാണ്.” അദ്ദേഹം പറയുന്നു.

നമ്മുടെ നാടിനെ അത്രമേല്‍ കലുഷിതമാക്കാന്‍ കഴിയില്ല എന്നാണ് ഇത്തരം അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. മനുഷ്യ ബന്ധങ്ങള്‍ പൂര്‍ണമായി നശിച്ചുവെന്നു പറയാന്‍ കഴിയില്ല. മനുഷ്യന്‍ എന്ന പദത്തിന്റെ മഹത്തായ അര്‍ത്ഥം പേറുന്ന എത്രയോ ജന്മങ്ങള്‍ നമ്മുക്കിടയില്‍ ഇപ്പോഴുമുണ്ട്. അറിയാതെ ചില അതിരുകള്‍ വീണിട്ടുണ്ട്. പക്ഷേ മറിച്ചുള്ള അനുഭവങ്ങള്‍ ഏറെയുണ്ടെന്നും പറഞ്ഞാണ് അദ്ദേഹം മലപ്പുറത്തുണ്ടായ അനുഭവം വിശദീകരിക്കുന്നത്.

We use cookies to give you the best possible experience. Learn more