ന്യൂദല്‍ഹി: പി.ജെ കുര്യന് രാജ്യസഭാ ടിക്കറ്റ് നല്‍കരുതെന്ന കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാരുടെ ആവശ്യത്തെ വിമര്‍ശിച്ച് വയലാര്‍ രവി രംഗത്തെത്തി.
പി.ജെ കുര്യനെക്കുറിച്ച് അറിയാത്ത യുവ എം.എല്‍.എമാരാണ് അദ്ദേഹത്തിന് രജ്യസഭാ സീറ്റ് നല്‍ കരുതെന്ന് ആവശ്യപ്പെടുന്നത്. ഒരു ദിവസം കൊണ്ട് നേതാവായ ആളല്ല കുര്യന്‍. ചെറുപ്പക്കാര്‍ ഇങ്ങനെയല്ല അദ്ദേഹത്തെ കാണേണ്ടത്, വയലാര്‍ രവി പ്രതികരിച്ചു.
യുവനേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത് സ്ഥാനമോഹവുമായാണെന്നും, ഒരിക്കല്‍ വൃദ്ധരാകുമെന്നും ഇവര്‍ മനസ്സിലാക്കണമെന്നും വയലാര്‍ രവി ഓര്‍മ്മിപ്പിച്ചു.
കുര്യന് ആദ്യം സീറ്റ് വാങ്ങി നല്‍കിയ ആള്‍ താനാണ്. മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടിയുടെ കരുത്ത്, ഞങ്ങളാരും അധികാരം വേണമെന്ന് വാശിപിടിക്കുന്നവരല്ല. വയലാര്‍ രവി മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാര്‍ട്ടി നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാര്‍ രംഗത്ത് വന്നിരുന്നു. ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍,വി.ടി ബല്‍റാം, അനില്‍ അക്കര,റോജി എം ജോര്‍ജ്ജ് എന്നീ എം.എല്‍.എമാരാണ് നേതൃമാറ്റം എന്ന ആവശ്യവുമായി രംഗത്ത് വന്നത്.