| Saturday, 14th April 2012, 2:42 pm

കൊച്ചിയില്‍ നിന്ന് ആലപ്പുഴയെത്തിയപ്പോഴേക്കും വയലാര്‍ രവി വാക്ക് മാറ്റി; വകുപ്പു വിഭജനം കെ.പി.സി.സി അറിയണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വകുപ്പു വിഭജന വിവാദത്തില്‍ കൊച്ചിയില്‍ നിന്നും ആലപ്പുഴ എത്തിയപ്പോഴേക്കും കേന്ദ്രമന്ത്രി വയലാര്‍ രവി വാക്കുമാറ്റി. രാവിലെ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട വയലാര്‍ രവി വകുപ്പു വിഭജനം കെ.പി.സി.സി അറിയേണ്ടതില്ലെന്നും അത് മുഖ്യമന്ത്രി തീരുമാനിച്ചാല്‍ മതിയെന്നുമായിരുന്നു പറഞ്ഞത്. ഇത് മാധ്യമങ്ങളിലെല്ലാം വാര്‍ത്തയാവുകയും ചെയ്തു. എന്നാല്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ആലപ്പുഴയെത്തിയപ്പോഴേക്കും രവി വാക്കുമാറ്റി. വകുപ്പു വിഭജനം കെ.പി.സി.സിയുമായി ചര്‍ച്ച ചെയ്യണമെന്നാണ് ആലപ്പുഴയില്‍ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

അഞ്ചാം മന്ത്രി വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ടായിരുന്നു രവിയുടെ പ്രസ്താവന. മാധ്യമപ്രവര്‍ത്തകരോട് നര്‍മ്മം പറഞ്ഞ് ആവേശഭരിതനായാണ് വയലാര്‍ രവി പ്രതികരിച്ചത്. പറയുന്നതെല്ലാം നല്ലപോലെ കൊടുക്കണമെന്നും രവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

കൊച്ചിയില്‍ വെച്ച് രവി പറഞ്ഞത് ഇങ്ങിനെ:” അഞ്ചാം മന്ത്രി വലിയ ആനക്കാര്യമല്ല. അഞ്ചാം മന്ത്രിയെ നല്‍കിയത് കോണ്‍ഗ്രസ് പ്രതിച്ഛായയെ ബാധിക്കില്ല. കെ.പി.സി.സി അറിയാതെ വകുപ്പു വിഭജിച്ചതില്‍ തെറ്റില്ല. അതിന് മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. മന്ത്രിമാരുടെ എണ്ണത്തിലല്ല, വകുപ്പിലാണ് സന്തുലിതത്വം പാലിക്കേണ്ടത്. കോണ്‍ഗ്രസിനാണ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുക. എന്നാല്‍ യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതാക്കളുടെ വീട്ടിലേക്ക് പ്രകടനം നടത്തിയത് ശരിയായില്ല. അത് ഒഴിവാക്കാമായിരുന്നു. അഞ്ചാം മന്ത്രിയെ വിമര്‍ശിക്കാന്‍ സി.പി.ഐ.എമ്മിന് ധാര്‍മ്മിക അവകാശമില്ല” – വയലാര്‍ രവി വ്യക്തമാക്കി.

എന്നാല്‍ ആലപ്പുഴയെത്തിയപ്പോഴേക്കും രവിയുടെ മുഖഭാവം തന്നെ മാറിയിരുന്നു. നേരത്തെ മാധ്യമപ്രവര്‍ത്തകരെ കണ്ട തമാശയൊന്നും മുഖത്തില്ലാതെ ഗൗരവം പൂണ്ടായിരുന്നു ഭാവം. ആലപ്പുഴയില്‍ രവി പറഞ്ഞത് ഇങ്ങിനെ: ” വകുപ്പു വിഭജനം നടന്നത് കെ.പി.സി.സി പ്രസിഡന്റുമായി മുന്‍കൂട്ടി ചര്‍ച്ച ചെയ്യാതെയാണെന്ന വാര്‍ത്ത കണ്ടു. അത് ചര്‍ച്ച ചെയ്യേണ്ടതാണ്. ഇത്തരം കാര്യങ്ങളില്‍ പ്രത്യേകിച്ചും വകുപ്പു വിഭജനം പോലുള്ള കാര്യങ്ങളില്‍ പ്രത്യേകം ചര്‍ച്ച ചെയ്യണം.” അഞ്ചാം മന്ത്രി, വകുപ്പു വിജന വിവാദങ്ങളില്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡണ്ടും രണ്ടു തട്ടിലായിരിക്കെ ആദ്യപ്രസ്താവനക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിമര്‍ശനമുയര്‍ന്നുവെന്നാണ് സൂചന. ഇതാണ് പെട്ടെന്ന് തന്നെ വാക്ക് മാറ്റാന്‍ രവിയെ പ്രേരിപ്പിച്ചത്.

അതേസമയം അഞ്ചാം മന്ത്രി വിഷയത്തില്‍ കോണ്‍ഗ്രസ്- ലീഗ് നേതൃത്വങ്ങള്‍ തമ്മില്‍ ഉടലെടുത്ത അസ്വാരസ്യം രൂക്ഷമായി തന്നെ തുടരുകയാണ്. ലീഗിനെതിരെ ചിലര്‍ ഹീന പ്രചാരണം നടത്തുകയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ തന്നെ ലീഗിന് അഞ്ചാം മന്ത്രിയുടെ ഉറപ്പ് ലഭിച്ചിരുന്നതാണ്. ചെന്നിത്തലയുടെ വീട്ടിലേക്ക് നടന്ന പ്രകടനം പാര്‍ട്ടി ഗൗരവമായി കാണുമെന്നും ചന്ദ്രിക പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more