പി.സി ജോര്‍ജിനെ നിലയ്ക്ക് നിര്‍ത്തേണ്ടത് മാണി : വയലാര്‍ രവി
Kerala
പി.സി ജോര്‍ജിനെ നിലയ്ക്ക് നിര്‍ത്തേണ്ടത് മാണി : വയലാര്‍ രവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th August 2013, 10:07 am

[]ന്യൂദല്‍ഹി: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെ നിലയ്ക്ക് നിര്‍ത്തേണ്ടത് കെ.എം മാണിയാണെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു.[]

ജോര്‍ജ് സര്‍ക്കാരിന്റെ ചീഫ് വിപ്പാണെന്നും അത് ഉള്‍ക്കൊണ്ട് വേണം പ്രവര്‍ത്തിക്കാനെന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ജ് ഉന്നതസ്ഥാനവും മാന്യതയും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. അതില്‍ വീഴ്ചയുണ്ടായാല്‍ പ്രതിഷേധം സ്വാഭാവികമാണെന്നും വയലാര്‍ രവി പറഞ്ഞു.

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് വയലാര്‍ രവിയുടെ പ്രതികരണം

ചീഫ് വിപ്പ് സര്‍ക്കാരിന്റെ വക്താവാണ്. അത് ഉള്‍ക്കൊണ്ട് വേണം അദ്ദേഹം പ്രവര്‍ത്തിക്കാന്‍. അതിന്റെ മാന്യതയും ഔന്നിത്യവും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ചിലപ്പോള്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും വയലാര്‍ രവി പറഞ്ഞു.

ജോര്‍ജിനെ നിയന്ത്രിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയാണെന്നും വയലാര്‍ രവി ചൂണ്ടിക്കാട്ടി.

അതേസമയം പി.സി ജോര്‍ജ്ജിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം തുടരുകയാണ്. കോട്ടയം കാരിത്താസ് ജങ്ഷനില്‍ വെച്ച് ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കഴിഞ്ഞ ദിവസം കരിങ്കൊടി കാണിച്ചു.

തൊടുപുഴയില്‍ പ്രതിഷേധം സംഘര്‍ഷത്തിലും ചീമുട്ടയേറിലും കല്ലേറിലുമാണ് കലാശിച്ചത്. തൊടുപുഴയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പി.സി ജോര്‍ജ്ജ് സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയും കല്ലുമെറിയുകയായിരുന്നു.