വയലാര്‍ അവാര്‍ഡ് അക്കിത്തത്തിന്
Kerala
വയലാര്‍ അവാര്‍ഡ് അക്കിത്തത്തിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th October 2012, 2:07 pm

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡിന് അക്കിത്തം അച്യുതന്‍ നമ്പൂതിരി അര്‍ഹനായി. അക്കിത്തത്തിന്റെ “അന്തിമഹാകാലം” എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌ക്കാരം.[]

25000 രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരം സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം കൈമാറും.

കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും എഴുത്തഛന്‍ പുരസ്‌കാരവും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്.

മലയാള സാഹിത്യ രംഗത്ത് നല്‍കപ്പെടുന്നവയില്‍ ഏറ്റവും മൂല്യമുള്ള പുരസ്‌കാരമാണ് വയലാര്‍ അവാര്‍ഡ്. പ്രശസ്തകവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയതാണ് ഇത്. 1977ലാണ് ഈ അവാര്‍ഡ് ആരംഭിക്കുന്നത്.

1926 മാര്‍ച്ചില്‍ പാലക്കാട് കുമരനല്ലൂരില്‍ ജനിച്ച അക്കിത്തം കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ഉപന്യാസം എന്നീ വിഭാഗങ്ങളില്‍ അമ്പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്.