| Saturday, 8th October 2022, 12:58 pm

എസ്. ഹരീഷിന്റെ 'മീശ'ക്ക് വയലാര്‍ അവാര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എഴുത്തുകാരന്‍ എസ്. ഹരീഷിന് വയലാര്‍ അവാര്‍ഡ്. മീശ എന്ന നോവലിനാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 46ാമത് അവാര്‍ഡാണ് ഇത്തവണ പ്രഖ്യാപിച്ചത്.

സമകാലീന മലയാള സാഹിത്യത്തില്‍ ശ്രദ്ധേയനായ ഹരീഷിന്റെ ആദ്യ നോവലാണ് മീശ. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച മീശ ഏറെ വിവാദമുണ്ടാക്കിയ നോവല്‍ കൂടിയാണിത്. കഴിഞ്ഞ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് എഴുത്തുകാരന്‍ ബെന്യാമിനായിരുന്നു.

രസവിദ്യയുടെ ചരിത്രം, ആദം, അപ്പന്‍ (കഥാസമാഹാരങ്ങള്‍), ആഗസ്റ്റ് 15 (നോവല്‍), ഗൊഗോളിന്റെ കഥകള്‍ (വിവര്‍ത്തനം) തുടങ്ങിയവയാണ് ഹരീഷിന്റെ മറ്റു കൃതികള്‍. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയുടെ ചലച്ചിത്രരൂപമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് എന്ന സിനിമ. ഏദന്‍ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥ, നോവല്‍ പുരസ്‌കാരങ്ങള്‍, സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്, തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

Content Highlight: Vayalar Award For S Hareesh’s Meesha Novel

Latest Stories

We use cookies to give you the best possible experience. Learn more