പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വാവര്‍പള്ളി സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി. യുവതീപ്രവേശന വിധിയ്ക്ക് മുന്‍പോ ശേഷമോ വാവര്‍ പള്ളിയില്‍ ഒരു തരത്തിലുള്ള നിയന്ത്രങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മഹല്ല് പ്രസിഡിന്റ് അഡ്വ.പി.എച്ച് ഷാജഹാന്‍ പറഞ്ഞു.
വിധി വരുന്നതിനും വളരെ കാലം മുന്‍പേ തന്നെ വാവര് പള്ളിയില്‍ സ്ത്രീകള്‍ എത്താറുണ്ടായിരുന്നു. പള്ളിയ്ക്കുള്ളില്‍ കയറി വലം വച്ച ശേഷമാണ് തീര്‍ത്ഥാടകര്‍ പമ്പയ്ക്ക് പോയിരുന്നത്. വാവര്‍ പള്ളിയിലെത്തുന്ന എല്ലാ വിശ്വാസികള്‍ക്കും അവരുടെ വിശ്വാസത്തിനനുസരിച്ചള്ള ആചാരനുഷ്ഠാനങ്ങള്‍ തുടരാമെന്നും ഷാജഹാന്‍ വ്യക്തമാക്കി.
എന്നാല്‍ വാവര് പള്ളിയുമായി ബന്ധപ്പെട്ട് ചിലര്‍ വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുന്നതായും നാട്ടില്‍ നിലനില്‍ക്കുന്ന മതമൈത്രി തകര്‍ത്ത് ലഹള സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണ് നടക്കുന്നതെന്നും ജമാഅത്ത് ആരോപിച്ചു.
കഴിഞ്ഞ ദിവസം വാവര്‍ പള്ളിയിലേക്ക് പുറപ്പെട്ട യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തമിഴ് മക്കള്‍ കക്ഷി പ്രവര്‍ത്തകരായ തിരൂപ്പൂര്‍ സ്വദേശികളായ രേവതി, സുശീല ദേവി, തിരുനെല്‍വേലി സ്വദേശി ഗാന്ധി മതി എന്നവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തത്. വേലന്താവളം ചെക് പോസ്റ്റില്‍ വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കേരളത്തിന് പുറത്തുള്ള സംഘടനയിലെ യുവതികള്‍ എത്തിയപ്പോള്‍ സംശയം തോന്നിയതിന്റെ പേരിലാണ് അതിര്‍ത്തിയില്‍ വെച്ച് തടഞ്ഞു നിര്‍ത്തി പൊലീസ് ചോദ്യം ചെയ്യുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്.
WATCH THIS VIDEO: