| Saturday, 5th February 2022, 7:42 am

വിഷം പൂര്‍ണമായി നീങ്ങി, ഓര്‍മ ശക്തിയും സംസാര ശേഷിയും വീണ്ടെടുത്തു; വാവാ സുരേഷ് തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷ് തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും. ശരീരത്തില്‍ പ്രവേശിച്ച പാമ്പിന്‍ വിഷം പൂര്‍ണമായും നീക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവങ്ങള്‍ ഓര്‍ത്തെടുക്കാനും നടക്കാനും ഭക്ഷണം കഴിക്കാനും വാവ സുരേഷിന് കഴിയുന്നുണ്ട്. കോട്ടയം കുറിച്ചിയില്‍ വെച്ച് മൂര്‍ഖന്‍ പാമ്പ് കടിച്ച കാര്യം വാവ സുരേഷ് ഓര്‍ത്തെടുക്കുകയും കടിച്ച സ്ഥലം ഡോക്ടര്‍മാര്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.

രണ്ട് ദിവസം കൂടി മുറിയില്‍ കിടത്തി നിരീക്ഷിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു വാവ സുരേഷിന് പാമ്പ് കടിയേല്‍ക്കുന്നത്.

കോട്ടയം ചങ്ങനാശേരിക്ക് അടുത്ത് കുറിച്ചി എന്ന സ്ഥലത്ത് നിന്നാണ് അപകടം ഉണ്ടായത്. പാമ്പുകടിയേറ്റ വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പിടികൂടിയ പാമ്പിനെ ചാക്കിലേക്ക് മാറ്റുന്നതിനിടെയാണ് പാമ്പ് വാവ സുരേഷിന്റെ കാലില്‍ കടിച്ചത്. വലത് കാലിന്റെ തുടയിലാണ് കടിയേറ്റത്. ഇതോടെ വാവ സുരേഷ് പാമ്പിന്റെ പിടി വിടുകയും ചെയ്തു.

അതേസമയം, പാമ്പുകടിയേറ്റ് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

വാവ സുരേഷിനെ പാമ്പു കടിച്ച വിവരം ഏറെ വേദനയോടെയാണ് അറിഞ്ഞതെന്നും, ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രാര്‍ത്ഥനയും സ്‌നേഹവും സുരേഷിനൊപ്പം ഉണ്ടാകുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

അതേസമയം, പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ അശാസ്ത്രീയ രീതികള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പാമ്പുകളെ കൈകാര്യം ചെയ്യുന്നത് കൃത്യമായ ശാസ്ത്രീയ മുന്നൊരുക്കങ്ങളും സ്‌നേക് ഹുക്ക് പോലെയുള്ള സുരക്ഷാക്രമീകരണങ്ങള്‍ വഴിയുമാണ്.

പാമ്പിനെ പിടിക്കാന്‍ ശാസ്ത്രീയമായി പരിശീലനം നേടിയവര്‍ വനംവകുപ്പിലുണ്ട്. അനിവാര്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചെയ്യേണ്ട ഈ ജോലി ഒരു പ്രകടനമാക്കി മാറ്റുകയാണ് വാവ സുരേഷ് എന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്രകടനങ്ങള്‍.


Content Highlights: Vava Suresh will leave the hospital on Monday

We use cookies to give you the best possible experience. Learn more