തിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്ന് നിയമോപദേശം. കുമ്മനം രാജശേഖരന്‍ നല്‍കിയ തെരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുന്നതിനാല്‍ വട്ടിയൂര്‍കാവില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനാകുമോ എന്ന് ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സിലിനോടാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിയമോപദേശം തേടിയത്.
2016-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവിലെ കെ. മുരളീധരന്റെ വിജയം ചോദ്യം ചെയ്താണ് കുമ്മനം രാജശേഖരന്‍ കേസ് നല്‍കിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ രണ്ടരക്കോടി രൂപയുടെ ബാധ്യത മറച്ചുവെച്ചു എന്നായിരുന്നു കുമ്മനത്തിന്റെ പരാതി. ഈ കേസ് നിലനില്‍ക്കില്ലെന്നാണ് നിയമോപദേശം കിട്ടിയിരിക്കുന്നത്.
കുമ്മനം നല്‍കിയ കേസില്‍ കെ. മുരളീധരന്റെ വിജയം അസാധുവാക്കണമെന്ന് മാത്രമാണ് കുമ്മനം ആവശ്യപ്പെട്ടിരുന്നത്. തന്നെ വിജയി ആയി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നില്ല.
ഇതിനിടെ പാര്‍ലമെന്റ് അംഗമായതിനാല്‍ കെ. മുരളീധരന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുകയും ചെയ്തതോടെ കേസുമായി കുമ്മനം മുന്നോട്ടുപോകുകയാണെങ്കിലും ഉപതെരഞ്ഞെടുപ്പിന് തടസ്സമുണ്ടാവില്ല.
ഈ നിയമോപദേശമാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ലഭിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ആറ് നിയമസഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടത്താമെന്ന ശുപാര്‍ശ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്‍കി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗവര്‍ണ്ണര്‍ പദവി രാജിവെപ്പിച്ച് കുമ്മനത്തെ എം.പിയാക്കാനുള്ള ബി.ജെ.പിയുടെ നീക്കം ഫലം കണ്ടിരുന്നില്ല. ഇതോടെ വട്ടിയൂര്‍ക്കാവിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ആദ്യ പരിഗണന കുമ്മനത്തിന് തന്നെയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.മുരളീധരന്‍ 7622 വോട്ടിനാണ് കുമ്മനത്തെ വീഴ്ത്തിയത്.