| Thursday, 26th September 2019, 5:43 pm

തര്‍ക്കത്തിനില്ലെന്ന് മുരളീധരന്‍; വട്ടിയൂര്‍ക്കാവില്‍ ആര്‍ രാജേഷിനെയും തള്ളി; കെ മോഹന്‍കുമാര്‍ തന്നെ സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മോഹന്‍കുമാര്‍ മത്സരിക്കുമെന്ന് തീരുമാനം. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ഏറെ നേരത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് തീരുമാനം. മോഹന്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം ആദ്യം എതിര്‍ത്ത കെ.മുരളീധരനെ നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചതോടെയാണ് അനിശ്ചിതത്വം അവസാനിച്ചത്.

നിലവില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ അദ്ദേഹത്തോട് സ്ഥാനം രാജിവയ്ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. മോഹന്‍കുമാര്‍ നാളെ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കുമെന്നാണ് വിവരം.

എം.പി കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ച പീതാംബരകുറുപ്പിനെതിരെ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്നാണ് കെ.മോഹന്‍കുമാറിന്റെ പേര് ഉയര്‍ന്നുവന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും യുവജന കമ്മീഷന്‍ അംഗവുമായ ആര്‍. രാജേഷിന്റെ പേരായിരുന്നു മുരളീധരന്‍ രണ്ടാമത് നിര്‍ദേശിച്ചത്. മുരളീധരന്‍ മറ്റൊരു പേര് നിര്‍ദേശിച്ചതോടെ വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സങ്കീര്‍ണ്ണമാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമായത്.

പാലക്കാട് മനുഷ്യാവകാശകമ്മീഷന്റെ പരിപാടി റദ്ദാക്കി തിരുവനന്തപുരത്ത് എത്തിയ മോഹന്‍കുമാര്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. മോഹന്‍കുമാറിനെ പരിഗണിക്കുന്നതില്‍ മുരളീധരന് എതിര്‍പ്പുള്ളതായുള്ള വാര്‍ത്തകള്‍ ഇതിനകംതന്നെ പുറത്തുവന്നിരുന്നു. ഇതോടെ മോഹന്‍കുമാര്‍ മുരളീധരനുമായും ചര്‍ച്ച നടത്തി.

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട മുരളീധരന്‍ തന്നെയാണ് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കത്തിനില്ലെന്ന് വ്യക്തമാക്കിയത്. ‘ഞാനായിട്ട് പാര്‍ട്ടിക്ക് പ്രശ്‌നമുണ്ടാക്കില്ല. എന്റെ അഭിപ്രായം പാര്‍ട്ടി ഫോറത്തില്‍ കൃത്യമായി അറിയിച്ചിട്ടുണ്ട്. യുഡിഎഫിന് അനുകൂലമായൊരു ട്രെന്‍ഡ് ഇപ്പോള്‍ നിലവിലുണ്ട് അതു ഞാനായിട്ട് ഇല്ലാതാക്കില്ല. വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് നിശ്ചയിക്കും’, മുരളീധരന്‍ പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ കോട്ടയായിരുന്നു വട്ടിയൂര്‍ക്കാവ്. പഴയ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലം. ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് എം. വിജയകുമാര്‍ നിയമസഭ സ്പീക്കറും മന്ത്രിയുമൊക്കെ ആയത്. മണ്ഡലം വട്ടിയൂര്‍ക്കാവ് ആയപ്പോള്‍ കെ. മുരളീധരന്‍ ഇവിടെ മത്സരിക്കാനെത്തി. ആദ്യ തവണ ചെറിയാന്‍ ഫിലിപ്പിനെ പരാജയപ്പെടുത്തി എം.എല്‍.എയായി. അഞ്ച് വര്‍ഷത്തിന് ശേഷം മുരളീധരന്‍ രണ്ടാമതും മത്സരത്തിനിറങ്ങുമ്പോള്‍ ബി.ജെ.പിയും മണ്ഡലത്തില്‍ തങ്ങളുടെ ശക്തി വര്‍ധിപ്പിച്ചിരുന്നു. മുരളീധരന്‍ ഏഴായിരം വോട്ടുകള്‍ക്ക് രണ്ടാം തവണ വിജയിക്കുമ്പോള്‍ എതിരാളി സി.പി.ഐ.എം ആയിരുന്നില്ല. ബി.ജെ.പിയുടെ കുമ്മനം രാജശേഖരന്‍ ആയിരുന്നു. സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ടി.എന്‍ സീമ മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു.

We use cookies to give you the best possible experience. Learn more