വട്ടിയൂര്‍ക്കാവ് മേയര്‍ ബ്രോ പിടിച്ചെടുക്കുമോ? സാധ്യമാണെന്നും അല്ലെന്നും പറഞ്ഞ് എക്‌സിറ്റ് പോളുകള്‍; ബി.ജെ.പിയുടെ സ്വാധീനം കുത്തനെ ഇടിയുമെന്നും പ്രവചനം
വട്ടിയൂര്‍ക്കാവില്‍ ഇത്തവണ ഫോട്ടോഫിനിഷായിരിക്കുമെന്ന സൂചനകള്‍ നല്‍കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും തിരുവനന്തപുരം മേയറുമായ വി.കെ പ്രശാന്ത് യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുമെന്നാണ് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം പ്രവചിച്ചത്.
അതേസമയം വട്ടിയൂര്‍ക്കാവില്‍ ഫോട്ടോഫിനിഷായിരിക്കുമെന്നാണ് മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ് ഫലം സൂചിപ്പിക്കുന്നത്. ഒരു ശതമാനത്തിന്റെ മുന്‍തൂക്കം അപ്പോഴും യു.ഡി.എഫിനാണെന്ന് അവര്‍ പറയുന്നു.
എല്‍.ഡി.എഫിന് 41 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ യു.ഡി.എഫിന് 37 ശതമാനം മാത്രമാണു ലഭിക്കുകയെന്ന് മാതൃഭൂമി ന്യൂസ് പറയുന്നു. 20 ശതമാനം വോട്ട് മാത്രമാണ് എന്‍.ഡി.എയ്ക്കു ലഭിക്കുകയെന്നും അവര്‍ പറയുന്നു.
യു.ഡി.എഫ് 37 ശതമാനം വോട്ട് നേടുമ്പോള്‍ എല്‍.ഡി.എഫ് ഒരുശതമാനം വോട്ടിനു മാത്രം പിന്നിലാണെന്നാണ് മനോരമ ന്യൂസ് പറയുന്നത്. എന്നാല്‍ കഴിഞ്ഞതവണ 31.87 ശതമാനം വോട്ട് നേടിയ ബി.ജെ.പിക്ക് ഇക്കുറി 26 ശതമാനമാകുമെന്നും അതില്‍ പറയുന്നു.
യു.ഡി.എഫിനു വേണ്ടി കെ. മോഹന്‍കുമാര്‍, ബി.ജെ.പി ടിക്കറ്റില്‍ എസ്. സുരേഷ് എന്നിവരാണ് മേയര്‍ക്കെതിരെ മത്സരിക്കുന്നത്. തിരുവനന്തപുരം നോര്‍ത്ത് മുന്‍ എം.എല്‍.എ കൂടിയാണ് മോഹന്‍കുമാര്‍.
തിരുവനന്തപുരം നോര്‍ത്ത് 2011-ല്‍ വട്ടിയൂര്‍ക്കാവ് ആയശേഷം കോണ്‍ഗ്രസ് ഇവിടെ പരാജയപ്പെട്ടിട്ടില്ല. രണ്ടുവട്ടവും കെ. മുരളീധരനാണു വിജയിച്ചത്. മുരളീധരന്‍ കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റിയ അരൂരില്‍ ഇത്തവണ ഒപ്പത്തിനൊപ്പമായിരിക്കും ഇടത്-വലത് പോരാട്ടമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നേരത്തേ പറഞ്ഞിരുന്നു.
അരൂരില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പമെന്നാണ് മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്‌സ് പ്രവചനം. എല്‍.ഡി.എഫ് 44ശതമാനവും യു.ഡി.എഫ് 43ശതമാനവും എന്നിങ്ങനെ നേടുമെന്നാണ് ഫലം പറയുന്നത്.
അരൂരില്‍ നേരിയ മാര്‍ജിനില്‍ എല്‍.ഡി.എഫ് ജയിക്കുമെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് എക്‌സിറ്റ് പോളും പ്രവചിക്കുന്നത്. ഒരു ശതമാനം വോട്ടിന്റെ മുന്‍തൂക്കമാണ് മാതൃഭൂമി സര്‍വെയും പറയുന്നത്. ബിജെപിക്ക് 11% വോട്ട് മാത്രമാണ് ലഭിക്കുകയെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.