| Thursday, 24th October 2019, 8:15 am

വട്ടിയൂര്‍കാവില്‍ വി.കെ പ്രശാന്തിന്റെ ലീഡ് 2000 കടന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:വട്ടിയൂര്‍കാവില്‍ 2612 വോട്ടിന് വി.കെ പ്രശാന്ത് മുന്നില്‍. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശേഷമാണ് വി.കെ പ്രശാന്ത് ഒന്നാം സ്ഥാനത്തേക്ക് വന്നത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാറാണ്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ. സുരേഷാണ്. എം.എല്‍.എയായിരുന്ന കെ. മുരളീധരന്‍ വടകര എം.പിയായതിനെ തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ്.

സിറ്റിംഗ് സീറ്റായ വട്ടിയൂര്‍ക്കാവ് നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലായിരുന്നു യു.ഡി.എഫ്. എന്നാല്‍ അട്ടിമറി വിജയത്തിലേക്കാണ് എല്‍.ഡി.എഫ് അടുക്കുന്നത്.

അതേ സമയം കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്തെത്തിയ ഇത്തവണ വിജിക്കുമെന്നാണ് ബി.ജെ.പിയുടെ വാദം.

തിരുവനന്തപുരം നോര്‍ത്ത് 2011-ല്‍ വട്ടിയൂര്‍ക്കാവ് ആയശേഷം കോണ്‍ഗ്രസ് ഇവിടെ പരാജയപ്പെട്ടിട്ടില്ല. രണ്ടുവട്ടവും കെ. മുരളീധരനാണു വിജയിച്ചത്. മുരളീധരന്‍ വടകരയില്‍ നിന്ന്ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

അതേസമയം വട്ടിയൂര്‍ക്കാവില്‍ ഫോട്ടോഫിനിഷായിരിക്കുമെന്ന സൂചനകള്‍ നല്‍കുന്നതാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും തിരുവനന്തപുരം മേയറുമായ വി.കെ പ്രശാന്ത് യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുമെന്നാണ് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യ എക്സിറ്റ് പോള്‍ ഫലം പ്രവചിച്ചത്.

അതേസമയം വട്ടിയൂര്‍ക്കാവില്‍ ഫോട്ടോഫിനിഷായിരിക്കുമെന്നാണ് മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ് ഫലം സൂചിപ്പിക്കുന്നത്. ഒരു ശതമാനത്തിന്റെ മുന്‍തൂക്കം അപ്പോഴും യു.ഡി.എഫിനാണെന്ന് അവര്‍ പറയുന്നു.

എല്‍.ഡി.എഫിന് 41 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ യു.ഡി.എഫിന് 37 ശതമാനം മാത്രമാണു ലഭിക്കുകയെന്ന് മാതൃഭൂമി ന്യൂസ് പറയുന്നു. 20 ശതമാനം വോട്ട് മാത്രമാണ് എന്‍.ഡി.എയ്ക്കു ലഭിക്കുകയെന്നും അവര്‍ പറയുന്നു.

യു.ഡി.എഫിനു വേണ്ടി കെ. മോഹന്‍കുമാര്‍, ബി.ജെ.പി ടിക്കറ്റില്‍ എസ്. സുരേഷ് എന്നിവരാണ് മേയര്‍ക്കെതിരെ മത്സരിക്കുന്നത്. തിരുവനന്തപുരം നോര്‍ത്ത് മുന്‍ എം.എല്‍.എ കൂടിയാണ് മോഹന്‍കുമാര്‍.

We use cookies to give you the best possible experience. Learn more