തിരുവനന്തപുരം: കേരളത്തിലെ റോഡുകള്‍ സംബന്ധിച്ച നടന്‍ ജയസൂര്യയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ. പ്രശാന്ത്. ചിറാപുഞ്ചിയിലെ റോഡുകളുടെ അവസ്ഥ മനസ്സിലാക്കിയിട്ട് തന്നെയാണോ ജയസൂര്യയുടെ പ്രതികരണമെന്ന് അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് നല്ല രീതിയില്‍ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ നടന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയുടെ എഡിറ്റേഴ്സ് അവറിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മന്ത്രി മുഹമ്മദ് റിയാസ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അസഹിഷണുതയുണ്ടായിട്ട് കാര്യമില്ല. ചെയ്യുന്ന കാര്യങ്ങള്‍ എന്തിനാണ് വാര്‍ത്തയാക്കുന്നതെന്നാണ് ആളുകള്‍ ചോദിക്കുന്നത്. അത്ര അസഹിഷ്ണുത പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നല്ല പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് തുടര്‍ഭരണം ലഭിച്ചത്. നിലവില്‍ റോഡ് പണികള്‍ക്ക് മഴ തടസ്സം നില്‍ക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്.
റോഡുകള്‍ നന്നാക്കുന്നതിനായി ജനപ്രതിനിധികള്‍ വലിയ പരിശ്രമം നടത്തുന്നുണ്ട്. റോഡുകള്‍ ശോചനീയാവസ്ഥയില്‍ തുടരട്ടെയെന്ന് ആരെങ്കിലും ചിന്തിക്കുമോയെന്നും വി.കെ. പ്രശാന്ത് ചോദിച്ചു.
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ റോഡുകള്‍ അത്രമോശം അല്ല. റീ ബില്‍ഡ് കേരള ഉള്‍പ്പെടെ നടത്തിവരികയാണ്. എവിടെയെങ്കിലും അപാകതയുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.