വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ്: ജില്ലാ സെക്രട്ടറിയും മന്ത്രിയും രണ്ട് തട്ടില്‍; സി.പി.ഐ.എം ജില്ലാകമ്മിറ്റിയില്‍ തര്‍ക്കം മുറുകുന്നു
KERALA BYPOLL
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ്: ജില്ലാ സെക്രട്ടറിയും മന്ത്രിയും രണ്ട് തട്ടില്‍; സി.പി.ഐ.എം ജില്ലാകമ്മിറ്റിയില്‍ തര്‍ക്കം മുറുകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd September 2019, 5:31 pm

വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി സി.പി.ഐ.എം തിരുവനന്തപുരം ജില്ലാകമ്മിറ്റിയില്‍ ഭിന്നത. പാര്‍ട്ടി ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പനും മന്ത്രി കടകംപള്ളി സുരേന്ദ്രനും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ രണ്ട് തട്ടിലാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കെ.എസ് സുനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ആനാവൂര്‍ നാഗപ്പന്‍. അതേസമയം സുനിലിന്റെ പേര് വെട്ടാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ മധുവിനെ മുന്‍നിര്‍ത്തിയുള്ള കരുനീക്കത്തിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനും സംഘവും.

മേയര്‍ വി.കെ പ്രശാന്തിനെ നിര്‍ത്താനാണ് സംസ്ഥാന നേതൃത്വത്തിന് താല്‍പ്പര്യം. എന്നാല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പ്രശാന്ത് വേണ്ടെന്ന നിലപാടിലാണ് ജില്ലാകമ്മിറ്റി.

വി.കെ മധുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിലപാടിലാണ് കടകംപള്ളിയെങ്കിലും പ്രശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കടകംപള്ളി തള്ളികളയുന്നില്ല.

ആനാവൂര്‍ പക്ഷം ഉയര്‍ത്തിക്കാട്ടുന്ന സുനില്‍കുമാറിനെതിരെ കണ്ണന്‍ ഗോപിനാഥ് ഐ.എ.എസ് എന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നേരത്തെ കടകംപള്ളിയും സംഘവും നിര്‍ദ്ദേശിച്ചിരുന്നു. ഈ നീക്കം പാളിയതോടെയാണ് വി.കെ മധു എന്ന മുതിര്‍ന്ന നേതാവിനെ മുന്നില്‍ നിര്‍ത്തിയുള്ള പുതിയ നീക്കം.

സ്ഥാനാര്‍ത്ഥി തീരുമാനത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരിക്കെയാണ് പാര്‍ട്ടി ജില്ലാ ഘടകത്തിലെ ഈ നീക്കങ്ങള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ