| Sunday, 26th May 2019, 3:43 pm

പ്രയാറോ പത്മജയോ വിഷ്ണുനാഥോ?; വട്ടിയൂര്‍കാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര ലോക്‌സഭ പിടിച്ചെടു്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച കെ മുരളീധരന്‍ ആ ദൗത്യം നിറവേറ്റിയതോടെ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞതോടെ വട്ടിയൂര്‍ക്കാവിലേക്കുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും കോണ്‍ഗ്രസില്‍ ആരംഭിച്ച് കഴിഞ്ഞു.

മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്റെ പേരാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ചര്‍ച്ചയില്‍ മുമ്പില്‍. എന്‍എസ്എസ് പിന്തുണ വേണ്ടുവോളം ലഭിക്കും എന്നതാണ് പ്രയാറിന്റെ പേരിന് മുന്‍തൂക്കം ലഭിക്കാന്‍ ഇടയാക്കുന്നത്.

പ്രയാര്‍ ഗോപാലകൃഷ്ണനെ കൂടാതെ പത്മജ വേണുഗോപാല്‍, പിസി വിഷ്ണുനാഥ്, മുന്‍ എംപി പീതാംബരകുറുപ്പ്, മുന്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍വി രാജേഷ്, കേരള മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ. മോഹന്‍കുമാര്‍ എന്നിവരാണ് സാധ്യത പട്ടികയിലുള്ള മറ്റ് നേതാക്കള്‍.

ഐ ഗ്രൂപ്പിന്റെ സീറ്റാണ് വട്ടിയൂര്‍ക്കാവ്. അതിനാല്‍ തന്നെ രമേശ് ചെന്നിത്തലയുടേയും കെ മുരളീധരന്റെയും താല്‍പ്പര്യങ്ങള്‍ക്കാണ് പ്രഥമപരിഗണന പാര്‍ട്ടിയില്‍ ലഭിക്കുക. വിഷ്ണുനാഥ്് വട്ടിയൂര്‍ക്കാവിലേക്ക് താമസം മാറിയിട്ടുണ്ട്.

മുരളീധരനോളം പ്രാധാന്യമുള്ള ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക എന്നത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ് വട്ടിയൂര്‍ക്കാവില്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ബിജെപി ലീഡ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. 2836 വോട്ടുകളുടെ ലീഡാണ് കോണ്‍ഗ്രസ് നേടിയത്.
അത് കൊണ്ട് തന്നെ കോണ്‍ഗ്രസ് നേതൃത്വം ആത്മവിശ്വാസത്തിലാണ്. ചൊവ്വാഴ്ച നടക്കുന്ന കെപിസി നേതൃയോഗത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനെ കുറിച്ചും ഉപതെരഞ്ഞെടുപ്പുകളെ കുറിച്ചും ചര്‍ച്ച ചെയ്‌തേക്കും.

We use cookies to give you the best possible experience. Learn more