| Wednesday, 25th July 2018, 6:02 pm

'ഞങ്ങളെ കുറിച്ച് പുറംലോകമറിയാന്‍ ഒരു ജീവന്‍ കൊടുക്കേണ്ടി വന്നു': അഭിമന്യുവിന്റെ സ്വപ്നം പേറുന്ന വട്ടവടക്കാര്‍

ജംഷീന മുല്ലപ്പാട്ട്

വട്ടവട: മൂന്നാറില്‍ നിന്നും 50 കിലോമീറ്റര്‍ ദൂരമുണ്ട് അഭിമന്യുവിന്റെ നാടായ കൊട്ടാകമ്പൂരിലേയ്ക്ക്. തോട്ടം മേഖലയില്‍ നിന്നും കാര്‍ഷിക മേഖലയിലേയ്ക്കുള്ള യാത്ര. മൂന്നാര്‍ പോസ്റ്റോഫീസ് സ്റ്റാന്‍ഡില്‍ നിന്നും രാവിലെ 6.30, 9.30 എന്നീ സമയങ്ങളിലാണ് വട്ടവട കോയിലൂരേയ്ക്ക് ബസ് സര്‍വീസുള്ളത്.

ഇവിടെ നിന്നും കൊട്ടാകമ്പൂര്‍, വട്ടവട തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് ഓട്ടോയില്‍ പോകണം. ഇവിടുത്തുകാര്‍ ഈ ദൂരമൊക്കെ നടന്നുതീര്‍ക്കും. വൈകീട്ട് 4.30ന് അവസാന ബസ് കൊയിലൂരില്‍ നിന്നും മൂന്നാറിലേയ്ക്ക് പുറപ്പെടും. പിന്നീട് ഒരു വണ്ടിയും ഈ റൂട്ടില്‍ ഓടില്ല. ഇരുട്ടുമൂടിയാല്‍ വന്യമൃഗങ്ങള്‍ റോഡിലേയ്ക്ക് ഇറങ്ങും. ഒരിക്കല്‍ കാടായിരുന്ന പ്രദേശമാണല്ലോ ഇന്ന് മൂന്നാര്‍-കൊടൈക്കനാല്‍ ദേശീയപാതയായി മാറിയത്.

കനത്ത മഴയും കാറ്റും ആയതിനാല്‍ കോയിലൂരിലേയ്ക്കുള്ള ബസ് അന്ന് പുറപ്പെട്ടില്ല. റോഡൊക്കെ ഇടിഞ്ഞു കിടക്കുകയാണ്. അവസാനം ജീപ്പിലാണ് അഭിമന്യുവിന്റെ നാട്ടിലേയ്ക്ക് പോയത്. ജീപ്പില്‍ യാത്രക്കാരേക്കാളും കൂടുതല്‍ മറ്റു സാധനങ്ങളായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്ന വട്ടവടയിലെ ആളുകള്‍ മൂന്നാറില്‍ നിന്നും പച്ചക്കറികള്‍ വാങ്ങിച്ചുകൊണ്ടുപോകുന്നത് കണ്ടപ്പോള്‍ ഒരേപോലെ സംശയവും അത്ഭുതവും തോന്നി.


Read: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: ആദ്യ രണ്ട് പ്രതികള്‍ക്ക് വധശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് പ്രത്യേക സി.ബി.ഐ കോടതി


സംശയം തീര്‍ക്കാന്‍ ജീപ്പിലുണ്ടായിരുന്ന ചേച്ചിയോട് ചോദിച്ചു. മൂന്നാറില്‍ നിന്നാണോ വട്ടവടയിലുള്ളവര്‍ പച്ചക്കറികള്‍ വാങ്ങിക്കുന്നത്. നിങ്ങളുടെ കൃഷിയിടത്തില്‍ തന്നെയില്ലേ? “ഞങ്ങള്‍ ഒരുപാട് കൃഷിചെയ്യുന്നവരാ പക്ഷേ, സാധനങ്ങള്‍ കടക്കാര്‍ കൊണ്ടുപോകും. ഞങ്ങള്‍ക്ക് ഒന്നും മിച്ചം കിട്ടാറില്ല”. “ഇന്തമാതിരി ഒരു വാള്‍ക്ക ഞങ്ങള്‍ക്ക് മട്ടുംതാ”. അപ്പോഴേ മനസ്സിലായി പുറംലോകം അറിയാത്ത ഒരു വട്ടവടയുണ്ടെന്ന്.

ഒരിക്കല്‍ ഭക്ഷ്യ സ്വയംപര്യാപ്തതയുണ്ടായിരുന്ന ഗ്രാമമാണ് ഇന്ന് ഈ അവസ്ഥയില്‍ എത്തിനില്‍ക്കുന്നത്. മൂന്നാറില്‍ നിന്നും ചുരം കയറും തോറും പ്രകൃതിക്ക് തന്നെ വ്യത്യാസങ്ങള്‍ ഉള്ളതായി അനുഭവപ്പെട്ടു. ഒരു വശം പശ്ചിമഘട്ടം. മറുവശത്ത് കൊടൈക്കനാല്‍. കൊടൈക്കനാലിലേയ്ക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത് വട്ടവടയുടെ താഴ്‌വാരത്തുനിന്നാണ്.

ജീപ്പിലിരുന്ന് ആളുകള്‍ക്ക് സംസാരിക്കാനുണ്ടായിരുന്നത് അഭിമന്യുവിനെ കുറിച്ചായിരുന്നു. “ഞങ്ങള്‍ക്ക് ഒരു ജീവന്‍ കൊടുക്കേണ്ടി വന്നു വട്ടവടയെ കുറിച്ച് പുറംലോകമറിയാന്‍. വളരെ കഷ്ടത്തിലാണ് ഇവിടെ ജീവിക്കുന്നത്. മനുഷ്യര്‍ക്ക് ജീവിക്കാനുള്ള ഒരടിസ്ഥാന സൗകര്യവും ഇവിടില്ല. 14 ദിവസമായി നിര്‍ത്താതെ മഴപെയ്യുന്നു. 10 ദിവസമായി കറണ്ടില്ല.” കൊറേ മീഡിയക്കാര്‍ ഇവിടെ വന്നുപോയി. ഒരാള്‍ മരിച്ചതിനെ കുറിച്ചുമാത്രം പറഞ്ഞോണ്ടിരിക്കുന്നു. പക്ഷെ ഇത്രയും കാലമായി വട്ടവടക്കാര്‍ എങ്ങനെ ജീവിച്ചു എന്നും അഭിമന്യുവിനെ പോലെയുള്ള ഞങ്ങളുടെ മക്കള്‍ എങ്ങനെ പഠിക്കുന്നു എന്നും ഭക്ഷണം കഴിക്കുന്നു എന്നും ആരും ചോദിച്ചില്ല. അത് ആര്‍ക്കും അറിയുകയും വേണ്ട”. ഒരു യാത്രക്കാരന്റെ തീക്ഷ്ണമായ വാക്കുകള്‍ നെഞ്ചിടിപ്പോടെയാണ് കേട്ടത്.


Read:  പട്ടേല്‍ പ്രക്ഷോഭം; ഹാര്‍ദിക് പട്ടേലിന് രണ്ടു വര്‍ഷത്തെ ജയില്‍ശിക്ഷ


ചേട്ടാ ഞങ്ങള്‍ക്ക് അറിയേണ്ടതും പുറത്തെത്തിക്കേണ്ടതും വട്ടവടയെകുറിച്ചുള്ള ഇത്തരം വാര്‍ത്തകളാണെന്ന് തിരിച്ചു മറുപടി പറഞ്ഞു. “കേരളത്തിനും” വട്ടവടയ്ക്കും ഇടയില്‍ ഒരുപാട് ദൂരമുണ്ടെന്ന് അപ്പോഴേ മനസ്സിലായി. കുറച്ചു കടകള്‍ മാത്രമുള്ള വളരെ ചെറിയ ഗ്രാമമായ കോവിലൂരിലാണ് ജീപ്പ് നിര്‍ത്തിയത്. ഇവിടെ നിന്നും കൊട്ടാകമ്പൂരിലേയ്ക്ക് ഓട്ടോ വിളിച്ചു പോകണം.

എല്ലായിടത്തും അഭിമന്യുവിന്റെ ചിത്രങ്ങള്‍ പതിച്ചിട്ടുണ്ട്. പല നിറത്തിലുള്ള കൊടികള്‍ പാറുന്ന, സ്റ്റാന്‍ന്റെന്നു തോന്നിപ്പിക്കുന്ന സ്ഥലത്ത് ഓട്ടോ നിര്‍ത്തി. ഡ്രൈവര്‍ അഭിമന്യുവിന്റെ വീട് കാണിച്ചുതന്നു. മൂന്നാറിലെ ലയങ്ങളെക്കാളും ചെറിയ ഒറ്റമുറി വീടുകള്‍. കിടപ്പുമുറിയും അടുക്കളയും ഒന്നുതന്നെ. ടോയിലറ്റുകള്‍ തീരെ കുറവെന്നു പറയാം.

ആ ഇരുട്ടു മുറിക്കകത്ത് രണ്ട് ജീവനുകള്‍ പായവിരിച്ച് ഇരിപ്പുണ്ട്. കുറച്ചു സമയമെടുത്ത് പരിചയപ്പെട്ടു. മകന് നീതി കിട്ടണം എന്ന് ആവര്‍ത്തിച്ചു അച്ഛനും അമ്മയും പറയുന്നുണ്ടായിരുന്നു. “അവരോട് കൂടുതലൊന്നും ചോദിക്കണ്ട. അവര്‍ക്ക് മാനസികപ്രയാസം ഉണ്ടാക്കണ്ട”. അഭിമന്യുവിന്റെ അമ്മാവന്‍ പറഞ്ഞു. ഞങ്ങള്‍ അമ്മാവന്മാര്‍ എല്ലാവരും കൂടി ജോലിചെയ്താണ് അവനെ പഠിപ്പിക്കുന്നത്.

മൂന്നാറിലെ ഏറ്റവും സമ്പുഷ്ടമായ കാലാവസ്ഥയും പരിസ്ഥിതിയും ജൈവസമ്പത്തും നിലനില്‍ക്കുന്ന പ്രദേശമാണ് കൊട്ടാകമ്പൂര്‍ ഉള്‍പ്പെടുന്ന വട്ടവട പഞ്ചായത്ത്. 1954 നവംബര്‍ മാസത്തിലാണ് വട്ടവട പഞ്ചായത്ത് രൂപീകരിക്കുന്നത്. 67.81 ചതുരശ്ര കിലോമീറ്ററാണ് വട്ടവടയുടെ വിസ്തീര്‍ണ്ണം. ആകെയുള്ള ജനസംഖ്യ പതിനാലായിരമാണ്. പൂര്‍ണമായും കാര്‍ഷിക ഗ്രാമം.


Read:  നാണക്കേട് കൊണ്ട് കേരള പൊലീസ് തലകുനിയ്‌ക്കേണ്ട ദിവസമാണ് ഇന്ന്, നീതി കിട്ടാത്ത അമ്മമാരുടെ ലിസ്റ്റ് ഇനിയും വലുതാണ്


ചേരന്‍-പാണ്ഡ്യ യുദ്ധകാലത്ത് 350 വര്‍ഷങ്ങള്‍ക്കു മുമ്പ് മധുര പട്ടണത്തില്‍ നിന്നും കുടിയേറിയവരാണ് വട്ടവടയിലുള്ളവര്‍. കേരള സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പേ കേരളത്തിലേയ്ക്ക് കുടിയേറിയവര്‍. കള്ളത്തേവര്‍, നായ്ക്കര്‍, തെലുങ്ക് ചെട്ടിയാര്‍, മന്നാര്‍കുടി മലയര്‍, ചക്ലിയ എന്നീ വിഭാഗക്കാരാണ് വട്ടവടയില്‍ താമസിക്കുന്നത്. എല്ലാവരും അന്നന്നത്തെ അന്നം കണ്ടെത്താന്‍ പാടത്ത് പണിയെടുക്കുന്ന കര്‍ഷകര്‍.

ഇവിടെയുള്ള കുട്ടികള്‍ കൂടുതല്‍ പഠിച്ച് ജോലിനേടണമെന്നത് അവന്റെ വലിയ ആഗ്രഹമായിരുന്നു. അടിസ്ഥാന സൗകര്യമുള്ള സ്‌കൂള്‍ വട്ടവടയിലില്ല. ഒരു കമ്മ്യൂണിറ്റി ഹാളില്‍ ഒന്നു മുതല്‍ നാലുവരെയുള്ള കുട്ടികള്‍ ഒന്നിച്ചിരുന്നാണ് പഠിക്കുന്നത്. ഒരു ടീച്ചര്‍ക്കും 10 കുട്ടികള്‍ക്കും മാത്രം ഇരുന്ന് പഠിക്കാവുന്ന കെട്ടിടത്തിലാണ് ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസിലെ കുട്ടികള്‍ പഠിക്കുന്നത്. ഹൈസ്‌കൂളില്‍ പോകാന്‍ കിലോമീറ്ററുകള്‍ താണ്ടണം.

പ്രാഥമിക വിദ്യാഭ്യാസ സൗകര്യംപോലും ഇല്ലാത്ത വട്ടവട പഞ്ചായത്തില്‍ നിന്നും ഉപരിപഠനത്തിന് പോകുന്ന കുട്ടികള്‍ തുലോം തുച്ഛമാണ്. കാലാകാലങ്ങളായി വളരെ മോശം സാമൂഹിക അന്തരീക്ഷത്തില്‍ ജീവിക്കുന്നവരാണ് വട്ടവടയിലുള്ളവര്‍. വിദ്യഭ്യാസത്തിലൂടെയും ഉയര്‍ന്ന ജോലിയിലൂടെയും മാത്രമേ ഈ അവസ്ഥ പരിഹരിക്കാന്‍ പറ്റൂ എന്ന് ഒരുപക്ഷേ, വട്ടവടയില്‍ നിന്നും ആദ്യം തിരിച്ചറിഞ്ഞ ചെറുപ്പക്കാരന്‍ അഭിമന്യുയാവാം.

1947ലാണ് വട്ടവട പഞ്ചായത്തില്‍ ആദ്യത്തെ ഹൈസ്‌കൂള്‍ വരുന്നത്. അത് തമിഴ് മീഡിയം ആയിരുന്നു. പിന്നീട് 1982ല്‍ മലയാളം മീഡിയം ഹൈസ്‌കൂള്‍ വന്നു. വിദ്യാഭ്യാസപരമായി വളരെ പിന്നില്‍ തന്നെയാണ് വട്ടവടയിലെ ജനങ്ങള്‍. ഇരുപതു വര്‍ഷമേ ആയിട്ടൊള്ളൂ ആളുകള്‍ പത്താംക്ലാസ് വരെയെങ്കിലും പഠിക്കാന്‍ തുടങ്ങിയിട്ട്. എസ്.എസ്.എല്‍.സി വരെ പഠിച്ചവര്‍ തന്നെ 30 ശതമാനം ആളുകളെ ഉള്ളൂ.

മാര്‍ത്തോമ എന്ന സംഘടനയാണ് ആദ്യമായി ഇവിടെ നിന്നും കുട്ടികളെ പുറത്തു കൊണ്ടു പോയി പഠിപ്പിക്കുന്നത്. പത്താം ക്ലാസും പ്ലസ് ടുവും കഴിഞ്ഞ ഒരുപാട് പേര്‍ വട്ടവടയില്‍ ഉണ്ടെങ്കിലും തുടര്‍ പഠനത്തിന് കഴിയുന്നില്ല. പലരും സാമ്പത്തിക പരാധീനത മൂലമാണ്  പഠനം തുടരാത്തത്. ദാരിദ്ര്യം കൊണ്ട് കൃഷി തൊഴിലാക്കിയവരാണ് ഇവിടുത്തെ ചെറുപ്പക്കാര്‍. ഈ അവസ്ഥയിലും നിന്നും മോചനം നേടാന്‍ ആഗ്രഹിക്കുന്നവരാണ് ഇപ്പോള്‍ വട്ടവടയിലുള്ള ചെറുപ്പക്കാര്‍. ആ കൂട്ടത്തില്‍ ഒരാളായിരുന്നു അഭിമന്യു.

ഗ്രാമം അറിവ് നേടി മികച്ച സാമൂഹിക അന്തരീക്ഷത്തിലേയ്ക്ക് മാറണം എന്നാഗ്രഹം കൊണ്ടാണ് ലൈബ്രറി വേണമെന്ന് അഭിമന്യു നിരന്തരം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നത്. ഇത് പഞ്ചായത്ത് പ്രസിഡന്റ് രാമരാജ് സമ്മതിക്കുന്നുമുണ്ട്. പഞ്ചായത്ത് രൂപീകരിച്ചിട്ട് 64 വര്‍ഷമായിട്ടും കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രി വട്ടവടയിലില്ല.


Read:  ആരാണ് മോദിയുടെ റാലിയ്ക്കുള്ള പണം ചിലവഴിക്കുന്നത്? അഴിമതി വിഷയത്തില്‍ കേന്ദ്രത്തെ ചോദ്യം ചെയ്ത് ശിവസേന


ആകെയുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആഴ്ചയില്‍ മൂന്നു ദിവസമേ ഡോക്ടര്‍ വരൂ. കുന്നും മലയും താണ്ടി വട്ടവടയിലെത്താന്‍ അസൗകര്യം ഉള്ളതുകൊണ്ടാണ് ഡോക്ടര്‍ എല്ലാ ദിവസവും എത്താത്തത്. 14000 ആളുകള്‍ക്ക് ഒരു ഡോക്ടര്‍ എന്ന കണക്കുള്ള കേരളത്തിലെ ഏക പഞ്ചായത്താകും വട്ടവട.

കാലങ്ങളായി വട്ടവടക്കാര്‍ ആവശ്യപ്പെടുന്നതാണ് നല്ല സൗകര്യമുള്ള ആശുപത്രി വേണമെന്ന്. എന്നാല്‍ ഇതുവരെ ആവശ്യം പരിഗണിച്ചിട്ടില്ല. എന്തെങ്കിലും അസുഖം വന്നാല്‍ മൂന്നാറില്‍ എത്തണം. പ്രസവം പോലുള്ള ആവശ്യങ്ങള്‍ക്ക് അടിമാലിയിലോ തമിഴ്നാടോ കോലഞ്ചേരിയിലോ പോകണം. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുകയണെങ്കില്‍ ആശുപത്രി സംവിധാനങ്ങള്‍ കൊണ്ടുവരാം എന്നാണ് പ്രസിഡന്റ് പറയുന്നത്.

തനത് വരുമാനം ഏറ്റവും കുറഞ്ഞ പഞ്ചായത്തുകളില്‍ ഒന്നായതിനാല്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ കുറച്ചേ ലഭിക്കാറുള്ളൂ. സര്‍ക്കാരില്‍ നിന്നും കിട്ടുന്ന ജനറല്‍ പര്‍പ്പസ് ഫണ്ട് ആണ് പ്രധാന ആശ്രയം. പ്ലാന്‍ ഫണ്ട് ആണ് മറ്റൊരു ആശ്രയം. അത് വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇവിടെ റോഡ് വന്നത്.

പഞ്ചായത്തിന് ആവശ്യമായ വികസനങ്ങള്‍ ഉണ്ടാകണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേകം പാക്കേജ് പ്രഖ്യാപിച്ച് വട്ടവടയെ സംരക്ഷിക്കണമെന്നാണ് പ്രസിഡന്റ് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ അറിയിപ്പുകളും നോട്ടീസുകളും നിലവില്‍ മലയാളത്തിലാണ് പ്രസിദ്ധീകരിക്കുന്നത്. ഇത് തമിഴില്‍ ആക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം. മലയാളം എഴുതാനും വായിക്കാനും പറയാനും അറിയാത്തവരാണ് ഭൂരിഭാഗം ജനങ്ങളും.

വര്‍ഷത്തില്‍ കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമായിട്ടും രണ്ടു മൂന്നു ദിവസം മഴ മാറിനിന്നാല്‍ വട്ടവടക്കാര്‍ക്ക് വെള്ളമില്ല. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഫോറസ്റ്റുകാര്‍ വലിയതോതില്‍ കൃഷിയിടങ്ങളില്‍ യൂക്കാലിപ്സ് മരങ്ങള്‍ വെച്ചുപിടിപ്പിച്ചു. കൂടുതല്‍ വരുമാനമുണ്ടാക്കാം എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു യൂക്കാലിപ്സ് മരങ്ങള്‍ വെച്ചുപിടിപ്പിച്ചത്. അതോടെ സുലഭമായി ലഭിച്ചിരുന്ന ജലം കുറഞ്ഞു വന്നു. പക്ഷേ, കര്‍ഷകര്‍ ഇത് മനസ്സിലാക്കിയപ്പോഴേക്കും വട്ടവടയില്‍ യൂക്കാലി മരങ്ങള്‍ നിറഞ്ഞിരുന്നു.

എങ്ങനെയെങ്കിലും യൂക്കാലി വെട്ടിനശിപ്പിച്ച് തങ്ങളുടെ കാര്‍ഷിക ഭൂമി തിരിച്ചുപിടിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. രണ്ടു വര്‍ഷം മുമ്പുവരെ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി വട്ടവടയിലെ കര്‍ഷകര്‍ക്ക് കൃഷിചെയ്യാന്‍ 12000 രൂപവരെ ലോണ്‍ ലഭിച്ചിരുന്നു. കൂടാതെ കൃഷി ഓഫീസ് വഴി കുറഞ്ഞ വിലയ്ക്ക് വിത്തും ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.

അഭിമന്യുവിന്റെ മരണത്തോടെയാണ് വട്ടവടയെ ജനങ്ങളും അധികാരികളും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇപ്പോഴും അടിസ്ഥാന വികസനംപോലും എത്താത്ത 13 വാര്‍ഡുകളാണ് വട്ടവട പഞ്ചായത്തിലുള്ളത്. തങ്ങളുടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് അധികാരികള്‍ പരിഹാരം കാണണമെന്നാണ് വട്ടവടക്കാരുടെ ആവശ്യം.

വീഡിയോ കാണാം

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

We use cookies to give you the best possible experience. Learn more