| Thursday, 14th March 2013, 9:32 am

വാട്‌സണ്‍ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു: മൈക്കല്‍ ക്ലാര്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൊഹാലി: മൂന്നാം ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍നിന്ന് പുറത്താക്കപ്പെട്ട  ഓസീസ് വൈസ്‌ ക്യാപ്റ്റന്‍  ഷെയ്ന്‍ വാട്‌സണ്‍ ടീമില്‍ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്.[]

താനും വാട്‌സനുമായി വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ല. കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാതെ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ച് പറയാനാണ് തനിക്കിഷ്ടമെന്നും ക്ലാര്‍ക്ക് പറഞ്ഞു.

ക്യാപ്റ്റനെന്ന നിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓസീസ് ടീമിലുണ്ടായ പ്രശ്‌നങ്ങള്‍ ഏറെ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അത് ടീം ഒരുമിച്ച് മറികടക്കും.

13 കളിക്കാരില്‍ നിന്നും 11 പേരെ തിരഞ്ഞെടുക്കുന്നതില്‍ സെലക്ഷന്‍ കമ്മറ്റിക്ക് ബുദ്ധിമുട്ടുണ്ട്. എന്നാല്‍ 13 പേരില്‍ നിന്ന് ടീമിനെ  വിജയിപ്പിക്കാനുള്ള 11 പേരെ തിരഞ്ഞെടുക്കാന്‍ തനിക്ക് ബുദ്ധിമുട്ടില്ലെന്നും ക്ലാര്‍ക്ക് പറഞ്ഞു.

കോച്ച് മിക്കി ആര്‍തറുടെ നിര്‍ദേശം അനുസരിക്കാതെ അച്ചടക്ക ലംഘനം നടത്തിയ ഷെയ്ന്‍ വാട്‌സണ്‍, പേസര്‍മാരായ മിച്ചല്‍ ജോണ്‍സണ്‍, ജെയിംസ് പാറ്റിന്‍സണ്‍, ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖാജ എന്നിവരെയാണ് മൂന്നാം ടെസ്റ്റിനുള്ള ടീമില്‍നിന്ന് ഒഴിവാക്കിയത്.

സെലക്ഷന്‍ കമ്മറ്റിയുടെ നടപടിയില്‍ പ്രതിഷേധിച്ച് വാട്‌സണ്‍ സിഡ്‌നിയിലേക്കു മടങ്ങിയിരുന്നു.

എന്നാല്‍ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെ കാണാനാണ്‌ നാട്ടിലേക്ക് പോയതെന്ന് വാട്‌സണ്‍ പിന്നീട്‌ വിശദീകരണം നല്‍കിയിരുന്നു.

സിഡ്‌നിയില്‍ വച്ച്‌  വാട്‌സണും ക്ലാര്‍ക്കും തമ്മില്‍ ടെലിഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നു. 22 ന് ന്യൂദല്‍ഹിയില്‍ തുടങ്ങുന്ന നാലാം ടെസ്റ്റിന്‌ മുന്‍പ്‌  ടീമിനൊപ്പം ചേരുമെന്ന്‌ വാട്‌സണ്‍  ഉറപ്പ്‌ നല്‍കിയതായി ക്ലാര്‍ക്ക് പറഞ്ഞു.

We use cookies to give you the best possible experience. Learn more