| Tuesday, 9th April 2024, 11:17 am

ലിംഗമാറ്റ ശസ്ത്രക്രിയയും വാടക ഗര്‍ഭധാരണവും മനുഷ്യാന്തസ്സിന് ഭീഷണിയെന്ന് വത്തിക്കാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍ സിറ്റി: ലിംഗമാറ്റ ശസ്ത്രക്രിയയും വാടക ഗര്‍ഭധാരണവും മനുഷ്യാന്തസിന് ഭീഷണിയാണെന്ന് വത്തിക്കാന്‍. വത്തിക്കാന്‍ ഡോക്ട്രിനല്‍ ഓഫീസ് (ഡി.ഡി.എഫ്) പുറത്തിറക്കിയ പ്രഖ്യാപനത്തിലാണ് പരാമര്‍ശം.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപനം അംഗീകരിച്ചതായി ഡി.ഡി.എഫ് മേധാവി കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫര്‍ണാണ്ടസ് പറഞ്ഞു. ലൈംഗിക ചൂഷണം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, സൈബര്‍ ആക്രമണം എന്നിവയും മനുഷ്യാന്തസിന് ഭീഷണിയാണെന്ന് പ്രഖ്യാപനത്തില്‍ പറയുന്നു.

തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വത്തിക്കാന്‍ നടത്തിയത്. അഞ്ച് വര്‍ഷം പഠനം നടത്തിയതിന് ശേഷമാണ് 20 പേജുള്ള പ്രഖ്യാപനം വത്തിക്കാന്‍ പുറത്തിറക്കിയത്. മാര്‍ച്ച് 25നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവിന് അംഗീകാരം നല്‍കിയത്.

ദൈവം പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചത് ജൈവശാസ്ത്രപരമായി വ്യത്യസ്തതകളോടെ ആണെന്നും അത് എല്ലാവരും അംഗീകരിക്കണമെന്നും സ്വയം ദൈവമാകാന്‍ ആരും ശ്രമിക്കരുതെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.
ലിംഗമാറ്റം വ്യക്തിയുടെ അന്തസ്സിന് ഭീഷണിയാണെന്നും അതില്‍ പറയുന്നു.

വാടക ഗര്‍ഭപാത്രത്തിലൂടെയുള്ള ജനനം അമ്മയുടെയും ജനിക്കുന്ന കുഞ്ഞിന്റെയും അന്തസ്സിനെ ഹനിക്കുമെന്നും ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു.

ജനനസമയത്ത് ഉള്ളതോ പിന്നീട് വികസിക്കുന്നതോ ആയ ‘ജനനേന്ദ്രിയ വൈകല്യങ്ങള്‍’ ആരോഗ്യ വിദഗ്ധരുടെ സഹായത്തോടെ പരിഹരിക്കാമെന്നും പ്രഖ്യാപനത്തില്‍ പറഞ്ഞു. 2019 മുതല്‍ ലിംഗമാറ്റ ശസ്ത്രക്രിയക്കെതിരായ വത്തിക്കാന്റെ എതിര്‍പ്പിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു.

Content Highlight: Vatican speaks out against sex-change surgery

We use cookies to give you the best possible experience. Learn more