ന്യൂയോര്‍ക്ക്: യു.എസില്‍ കുട്ടികളെ പീഡിപ്പിച്ചതിന്‌റെ പേരില്‍ നടപടി നേരിടുന്ന ക്രൈസ്ത പുരോഹിതനെ തിരിച്ചുവിളിച്ച് വത്തിക്കാന്‍. യു.എസില്‍ നയതന്ത്രവിഭാഗത്തില്‍ ഉയര്‍ന്ന പദവി വഹിക്കുന്ന പുരോഹിതനെതിരെ കേസെടുക്കുമെന്ന യു.എസ് പ്രോസിക്യൂട്ടര്‍മാരുടെ പ്രഖ്യാപനത്തിനു പിന്നാലെ പുരോഹിതനെ വത്തിക്കാന്‍ തിരിച്ചുവിളിക്കുകയായിരുന്നു.
ചെറിയ കുട്ടികളുടേതുള്‍പ്പെടെയുള്ള അശ്ലീല ചിത്രങ്ങള്‍ ഈ പുരോഹിതന്റെ പക്കലുണ്ടെന്നാണ് യു.എസിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നിയമ നടപടികള്‍ക്ക് വിട്ടുതരണമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വത്തിക്കാനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ആഗസ്റ്റ് 21ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വത്തിക്കാന് കത്തയച്ചു.
എന്നാല്‍ മൂന്നുദിവസത്തിനുശേഷം വത്തിക്കാന്‍ പുരോഹിതനെ വിട്ടുനല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. പോപ്പിന്റെ അന്വേഷണ സംഘം ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിക്കുകയും യു.എസില്‍ നിന്നും തെളിവുതേടുകയും ചെയ്തിരിട്ടുണ്ട്.
ലൈംഗിക പീഡനങ്ങളെ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞ പോപ്പ് ഫ്രാന്‍സിസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി ഏറെ ഞെട്ടിക്കുന്നതാണെന്നാണ് യു.എസ് നയതന്ത്രജ്ഞര്‍ പറയുന്നത്.
വത്തിക്കാന്‍ എംബസി സ്റ്റാഫുകളില്‍ ഉള്‍പ്പെട്ടയാളാണ് ഈ പുരോഹിതനെന്നാണ് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്റപ്പെന്റന്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്.
നേരത്തെയും ഇത്തരത്തില്‍ ലൈംഗിക പീഡനക്കേസുകളില്‍ ആരോപണ വിധേയരായ പുരോഹിതന്മാരെ വത്തിക്കാന്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. 2013ല്‍ കരീബിയന്‍ ദ്വീപിലെ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഡൊമനിക്കന്‍ റിപ്പബ്ലിക്കിലെ അംബാസിഡറെ വത്തിക്കാന്‍ തിരിച്ചുവിളിച്ചിരുന്നു.