| Thursday, 14th March 2013, 12:20 am

ഫ്രാന്‍സിസ് ഒന്നാമന്‍ പുതിയ പാപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തു. അര്‍ജന്റീനയില്‍ നിന്നുള്ള കര്‍ദിനാള്‍ ജോര്‍ജ്ജ് മരിയോ ബെര്‍ഗോലിയോ ആണ് പുതുതായി തിരഞ്ഞെടുത്ത പാപ്പ. ഇന്ത്യന്‍ സമയം ബുധനാഴ് രാത്രി 11.40 നാണ് പുതിയ പാപ്പയെ തിരഞ്ഞെടുത്തത്.[]

ബ്യൂണസ് അയേഴ്‌സ് രൂപത അധ്യക്ഷനായിരുന്നു 76 കാരനായ ഫ്രാന്‍സിസ് ഒന്നാമന്‍ പാപ്പ. മാര്‍പാപ്പയാകുന്ന ആദ്യ ജെസ്യൂട്ട് വൈദികന്‍ കൂടിയാണ് അദ്ദേഹം. 1992 ല്‍ ബിഷപ്പും 1998 ല്‍ ആര്‍ച്ച് ബിഷപ്പും 2001 ല്‍ കര്‍ദിനാളായും തിരഞ്ഞെടുത്തു.

കത്തോലിക്ക സഭയുടെ ചരിത്രത്തിലാദ്യമായാണ് ലാറ്റിനമേരിക്കയില്‍ നിന്നും ഒരു പോപ്പിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ആയിരത്തി മുന്നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യൂറോപ്പില്‍ നിന്നും പുറത്തുള്ള ഒരാളെ പാപ്പയായി തിരഞ്ഞെടുക്കുന്നത്.

പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തതോടെ സിസ്‌റ്റൈന്‍ ചാപ്പലില്‍ നിന്നും വെളുത്ത പുക ഉയര്‍ന്നു. രണ്ടാം ദിവസം ഉച്ചക്കുശേഷം നടന്ന രണ്ടാം റൗണ്ട് വോട്ടെടുപ്പിലാണ് കര്‍ദിനാള്‍മാരുടെ യോഗത്തില്‍ പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തത്.

സിസ്റ്റൈന്‍ ചാപ്പലില്‍ വെളുത്ത പുക ഉയര്‍ന്നതോടെ കത്തോലിക്കാസഭയുടെ 266 -ാമത്തെ തലവനെ തെരഞ്ഞെടുത്ത വിവരം അറിയിച്ചുകൊണ്ട് സെയ്ന്റ് പീറ്റേര്‍സ് ബസലിക്കയിലെ പള്ളിമണികളും മുഴങ്ങി.

കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവില്‍ അഞ്ചാം റൗണ്ടിലാണ് പാപ്പയെ തെരഞ്ഞെടുത്തത്. 115 കര്‍ദിനാള്‍മാരില്‍ ചുരുങ്ങിയത് മൂന്നില്‍ രണ്ടു പേരുടെ വോട്ടായ 77 വോട്ട് ലഭിക്കുന്നയാളാണ് പുതിയ മാര്‍പാപ്പയാകുക.

ആദ്യദിനം നടന്ന വോട്ടിംഗില്‍ പാപ്പയെ തിരഞ്ഞെടുക്കുന്നതില്‍ സമവായത്തിലെത്തിയിരുന്നില്ല. രണ്ടാം ദിനം നടന്ന ആദ്യമൂന്ന് ഘട്ടങ്ങളില്‍ നടന്ന വോട്ടിംഗിലും പാപ്പയെ തിരഞ്ഞെടുക്കാനായിരുന്നില്ല. തുടര്‍ന്ന് നടന്ന നാലാം ഘട്ട വോട്ടിംഗിലാണ് പാപ്പയെ തിരഞ്ഞെടുക്കുന്നതിനാവശ്യമായ ഭൂരിപക്ഷം ലഭിച്ചത്.

We use cookies to give you the best possible experience. Learn more