| Monday, 18th December 2023, 8:23 am

പുണ്യാളന്മാരെ തെരഞ്ഞെടുക്കുന്ന കർദിനാളിന് അഞ്ചര വർഷം തടവ് വിധിച്ച് വത്തിക്കാൻ കോടതി; ശിക്ഷ മാർപാപ്പയുടെ അടുത്ത ഉപദേശകന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാൻ സിറ്റി: മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള അധികാരമുള്ള, ഫ്രാൻസിസ് മാർപ്പാപ്പയുടെ ഉപദേശകനായ ഇറ്റാലിയൻ കർദിനാളിനെ സാമ്പത്തിക തിരിമറിക്ക് അഞ്ചര വർഷത്തെ തടവിന് വിധിച്ച് വത്തിക്കാൻ കോടതി.

മാർപാപ്പയാകാൻ സാധ്യതയുള്ളവരിൽ ഒരാളായി പോലും പരിഗണിക്കപ്പെട്ടിരുന്ന ഏയ്‌ഞ്ചലോ ബെച്ചിയൂവിനെതിരെയാണ് (Angelo Becciu) ലണ്ടനിലെ റിയൽ എസ്റ്റേറ്റ് മുതൽമുടക്കുമായി ബന്ധപ്പെട്ട കേസിൽ കോടതി ശിക്ഷ വിധിച്ചത്.

വഞ്ചന, അധികാര ദുർവിനിയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കോടതി ഡിസംബർ 16ന് ശിക്ഷ വിധിച്ചത്. 8,000 യൂറോ പിഴയും വിധിച്ചിട്ടുണ്ട്.

നീണ്ട കാലത്തെ വിചാരണക്ക് ശേഷമാണ് ശിക്ഷാ വിധി. വത്തിക്കാൻ ക്രിമിനൽ കോടതിയെ അഭിമുഖീകരിക്കുന്ന കത്തോലിക്കാ സഭയിലെ ഏറ്റവും ഉയർന്ന പദവിയിലുള്ള വൈദികനാണ് ബെച്ചിയൂ.

വിചാരണ തുടങ്ങുന്നതിന് ആഴ്ചകൾക്ക് മുൻപ് വത്തിക്കാൻ സിവിലിയൻ കോടതികൾക്ക് കർദിനാൾമാരെയും ബിഷപ്പുമാരെയും വിചാരണ ചെയ്യുവാൻ ഫ്രാൻസിസ് മാർപാപ്പ അധികാരം നൽകിയിരുന്നു. നേരത്തെ കർദിനാൾമാർ നേതൃത്വം നൽകുന്ന കോടതിയായിരുന്നു വിചാരണ നടത്തിയിരുന്നത്.

2001ൽ മെത്രാപ്പോലീത്തയായ ബെച്ചിയൂ 1984 മുതൽ 2011 വരെ അംഗോളയിലെയും ക്യൂബയിലെയും പേപ്പൽ പ്രതിനിധിയുടെ പദവി ഉൾപ്പെടെ വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ സുപ്രധാന പദവികൾ വഹിച്ചിരുന്നു.

2018 ഫ്രാൻസിസ് മാർപാപ്പ ബെച്ചിയൂവിനെ കർദിനാൾ പദവിയിലേക്ക് ഉയർത്തി. 2018 മുതൽ 2021 വരെ പുണ്യവാള പദവിയിലേക്ക് ഉയർത്തപ്പെടേണ്ടവരെ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കോൺഗ്രഗേഷൻ ഫോർ ദ കോസസ് ഓഫ് സെയിന്റ്സിന്റെ അധ്യക്ഷൻ ആയിരുന്നു.

2021ൽ അഭിഭാഷകർ, മുൻ വത്തിക്കാൻ ജീവനക്കാർ ഉൾപ്പെടെ ഒമ്പത് പേർക്കൊപ്പം കർദിനാലിന്റെ വിചാരണ തീരുമാനിക്കപ്പെട്ടതിനെ തുടർന്ന് പുണ്യാളനെ തീരുമാനിക്കാനുള്ള പദവിയും മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ പങ്കെടുക്കാനുള്ള അവകാശവും നഷ്ടപ്പെട്ടു.

അതേസമയം കർദിനാൾ പദവി ഇപ്പോഴുമുണ്ട്.

Content highlight: Vatican court convicts Highest-ranking church official of embezzlement

We use cookies to give you the best possible experience. Learn more