| Saturday, 27th November 2021, 12:37 pm

'ഏകീകരിച്ച കുര്‍ബാനയര്‍പ്പണം' സംബന്ധിച്ച തര്‍ക്കം പൊട്ടിത്തെറിയിലേക്ക്; ബിഷപ്പും കര്‍ദ്ദിനാളും നേര്‍ക്കുനേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സിറോ മലബാര്‍ സഭയിലെ ‘ഏകീകരിച്ച കുര്‍ബാനയര്‍പ്പണം’സംബന്ധിച്ച തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. കുര്‍ബാന പരിഷ്‌കരണത്തില്‍ വത്തിക്കാന്‍ ഇടപെട്ടുവെന്ന വാര്‍ത്ത നിഷേധിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രംഗത്തെത്തി.

എറണാകുളം അങ്കമാലി രൂപതയ്ക്ക് ഏകീകൃത കുര്‍ബാന ക്രമം നടപ്പാക്കുന്നതില്‍ ഇളവ് നല്‍കിയെന്ന വാര്‍ത്ത ആലഞ്ചേരി നിഷേധിച്ചു.

മാര്‍പ്പാപ്പയുടെ അനുമതി ലഭിച്ചെന്ന് വ്യക്തമാക്കിയായിരുന്നു ജനാഭിമുഖ കുര്‍ബാന തുടരാമെന്ന വത്തിക്കാന്‍ നിര്‍ദേശം ഉള്‍ക്കൊള്ളിച്ചുള്ള സര്‍ക്കുലര്‍ അങ്കമാലി അതിരൂപത പുറത്തിറക്കിയത്.

എന്നാല്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഇളവ് നല്കി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഇത് സംബന്ധിച്ച് വത്തിക്കാനില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും കര്‍ദ്ദിനാള്‍ സര്‍ക്കുലറിലൂടെ അറിയിച്ചു.

സിനഡിന്റെ തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ലെന്നും തീരുമാനം നാളെ മുതല്‍ നടപ്പാക്കുക തന്നെ ചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു.

വിശ്വാസികളുടെയും വൈദികരുടെയും പ്രതിഷേധങ്ങള്‍ക്കിടയിലും സിറോ മലബാര്‍ സഭയിലെ ‘ഏകീകരിച്ച കുര്‍ബാനയര്‍പ്പണം’ ഞായറാഴ്ച മുതല്‍ നടപ്പിലാക്കാനാണ് സിനഡ് തീരുമാനം.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനത്തിന്റെ അടിസ്ഥാനത്തില്‍ സഭാ സിനഡ് ഏകകണ്ഠമായി എടുത്ത തീരുമാനമാണ് ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതിയെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി.

മെത്രാപ്പോലീത്തന്‍ വികാരി ആന്റണി കരിയില്‍ മാര്‍പ്പാപ്പയുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് ജനാഭിമുഖ കുര്‍ബാന തുടരാന്‍ മാര്‍പ്പാപ്പയുടെ ഇളവ് അനുവദിച്ചത് എന്നായിരുന്നു അങ്കമാലി അതിരൂപതയുടെ നിലപാട്.

എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയായ മാര്‍ ആന്റണി കരിയില്‍ വത്തിക്കാനിലെത്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്.

പുതിയ കുര്‍ബാന ടെക്സ്റ്റ് അംഗീകരിക്കാനാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ തീരുമാനം. ഇതോടെ പരിഷ്‌കരിച്ച പുസ്തക പ്രകാരമായിരിക്കും നാളെ മുതല്‍ കുര്‍ബാന നടക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Vatican Bishop Pope Francis vs Mar George Alanchery

We use cookies to give you the best possible experience. Learn more