വത്തിക്കാന്‍ സിറ്റി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നൊബേല്‍ പുരസ്‌കാര ജേതാവായ കത്തോലിക്കാ സഭാ ബിഷപ്പിനെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നതായി സമ്മതിച്ച് വത്തിക്കാന്‍.
1996ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയിട്ടുള്ള ബിഷപ് കാര്‍ലോസ് ബേലോക്ക് (Bishop Carlos Belo) മേല്‍ ഉപരോധമേര്‍പ്പെടുത്തിയ കാര്യമാണ് വത്തിക്കാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിക്കുന്നത്. കാര്‍ലോസ് ബേലോക്കെതിരായ ലൈംഗിക പീഡന പരാതികള്‍ വീണ്ടും ഉയര്‍ന്നുവന്ന സാഹചര്യത്തിലാണിത്.
വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണിയാണ് (Matteo Bruni) ഇക്കാര്യം പുറത്തുവിട്ടത്. 2019ല്‍ ഇയാള്‍ക്കെതിരെ വത്തിക്കാന്‍ അന്വേഷണം ആരംഭിച്ചിരുന്നെന്നും മാറ്റിയോ ബ്രൂണി പറഞ്ഞു.
1980 മുതല്‍ 2000 വരെയുള്ള ഇരുപത് വര്‍ഷങ്ങളില്‍ കിഴക്കന്‍ ടിമോറിലെ (Timor) കൗമാരക്കാരായ ആണ്‍കുട്ടികളെ കാര്‍ലോസ് ബേലോ പീഡിപ്പിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു സഭയുടെ നടപടി.
”അന്വേഷണത്തിലൂടെ കണ്ടെത്തിയ ആരോപണങ്ങളുടെ വെളിച്ചത്തില്‍ ബിഷപ് കാര്‍ലോസ് ബേലോക്ക് മേല്‍ 2020 സെപ്റ്റംബറില്‍ വത്തിക്കാന്‍ ചില അച്ചടക്ക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി,” എന്ന് മാറ്റിയോ ബ്രൂണി പറഞ്ഞു.
”ഇതില്‍ അദ്ദേഹത്തിനും അദ്ദേഹം കൈകാര്യം ചെയ്യുന്ന മന്ത്രാലയത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഉള്‍പ്പെടുന്നു, പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള സമ്പര്‍ക്കവും അഭിമുഖങ്ങളും ഈസ്റ്റ് ടിമോറുമായി ബന്ധപ്പെടുന്നതും നിരോധിച്ചിരുന്നു,” ബ്രൂണി കൂട്ടിച്ചേര്‍ത്തു.
ഈ അച്ചടക്ക നടപടികള്‍ 2021ല്‍ വീണ്ടും പരിഷ്‌കരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തതായും ബ്രൂണി വ്യക്തമാക്കി.
1980 മുതല്‍ 2000 വരെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബേലോ പീഡിപ്പിച്ചിരുന്നെന്ന ആരോപണത്തില്‍ ഡച്ച് വാരികയായ ഡി ഗ്രോനെ ആംസ്റ്റര്‍ഡാമര്‍ (De Groene Amsterdammer) നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് ഒരു ദിവസത്തിന് ശേഷമാണ് നേരത്തെ തന്നെ ഇയാള്‍ക്കെതിരെ നടപടിയെടുത്ത കാര്യം വെളിപ്പെടുത്തിക്കൊണ്ട് വത്തിക്കാന്റെ പ്രസ്താവനയും പുറത്തുവന്നിരിക്കുന്നത്.
ബിഷപ്പ് തന്നെ ബലാത്സംഗം ചെയ്തിരുന്നതായും ഇത് പുറത്ത് പറയാതിരിക്കാന്‍ തനിക്ക് പണം ഓഫര്‍ ചെയ്തിരുന്നതായും അന്ന് ഇരയാക്കപ്പെട്ട, 45കാരന്‍ വെളിപ്പെടുത്തിയതായി ഈ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നുണ്ട്.
ബേലോയില്‍ നിന്നുള്ള ലൈംഗിക അതിക്രമത്തിന് ഇരയാക്കപ്പെട്ട 20ഓളം പേരുമായി തങ്ങള്‍ സംസാരിച്ചതായും ഡി ഗ്രോനെ ആംസ്റ്റര്‍ഡാമറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരിലായിരുന്നു ബേലോക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. നേരത്തെ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇയാള്‍ 2002ല്‍ തന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒഴിഞ്ഞിരുന്നു.