| Friday, 28th June 2024, 1:12 pm

ടീമിലെ എല്ലാവരും മലയാളികൾ, കൗതുകമുണർത്തി ലോകത്തിലെ കുഞ്ഞൻ രാജ്യം

സ്പോര്‍ട്സ് ഡെസ്‌ക്

വത്തിക്കാനിലെ ക്രിക്കറ്റ് ടീമില്‍ മലയാളി തരംഗം. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാനിലെ ഔദ്യോഗിക ക്രിക്കറ്റ് ടീമായ സെന്റ് പീറ്റേഴ്‌സ് ടീമില്‍ കളിക്കുന്ന താരങ്ങളെല്ലാം മലയാളികള്‍ ആണ്. വത്തിക്കാന്‍ ക്രിക്കറ്റ് ടീമില്‍ ആദ്യകാലങ്ങളില്‍ അഞ്ച് മലയാളി താരങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഇവിടെ പഠിക്കാന്‍ എത്തിയ മലയാളികളായ വൈദികരും സെമിനാരിക്കാരും വത്തിക്കാന്‍ ടീമില്‍ ഇടം നേടുകയായിരുന്നു.

2023 നവംബറില്‍ ആരംഭിച്ച പരിശീലന സെക്ഷനില്‍ നിന്നും 30 അംഗ ടീമില്‍ വത്തിക്കാനിലെ വിവിധ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന വൈദികരും വിദ്യാര്‍ത്ഥികളും ആണ് ഉണ്ടായിരുന്നത്. ഇതില്‍നിന്നും ഇപ്പോള്‍ തെരഞ്ഞെടുത്തിട്ടുള്ള കളിക്കാരില്‍ മുഴുവനും മലയാളികളാണ് എന്നുള്ളതാണ് ഏറെ ശ്രദ്ധേയമായത്. ഇതില്‍ ഒമ്പത് വൈദികരും മൂന്ന് വൈദിക വിദ്യാര്‍ഥികളും ആണ് ടീമിനൊപ്പം ഉള്ളത്. ചങ്ങനാശ്ശേരി സ്വദേശിയായ ഫാദര്‍ ജോസ് ഈട്ടുള്ളിയാണ് ടീമിനെ നയിക്കുന്നത്. ഓസ്‌ട്രേലിയന്‍ താരമായ ഡെയ്ന്‍ കിര്‍ബിയാണ് ടീമിന്റെ പരിശീലകന്‍.

‘ജേര്‍ണി ഓഫ് ലൈറ്റ് ആന്‍ഡ് ലൈറ്റ് ആന്‍ഡ് ഫൈയ്ത്ത്’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് വത്തിക്കാന്‍ ക്രിക്കറ്റ് ടീം. ജൂണ്‍ 29 മുതല്‍ ജൂലൈ അഞ്ച് വരെ ഇംഗ്ലണ്ടിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. കിങ്സ് ഇലവന്‍ ഇംഗ്ലണ്ട്, എന്റെ മേരീസ് യൂണിവേഴ്‌സിറ്റി എന്നീ ടീമുകള്‍ക്കെതിരെയാണ് വത്തിക്കാന്റെ മത്സരിക്കുക.

വത്തിക്കാന്‍ ക്രിക്കറ്റ് ടീമിന്റെ മീഡിയ കോഡിനേറ്റര്‍ ഫാദര്‍ പ്രിന്‍സ് ടിവി 9നോട് ടീമിനെ കുറിച്ച് പറഞ്ഞു.

‘ വത്തിക്കാന്‍ ടീം കളിക്കാന്‍ പോകുന്ന രാജ്യങ്ങളിലെല്ലാം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇത്തവണ ടീമില്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും കേരളത്തില്‍ നിന്നുള്ളവരാണ് എന്നത് അമ്പരപ്പിക്കുന്ന ഒരു കാര്യമാണ്,’ ഫാദര്‍ പ്രിന്‍സ് പറഞ്ഞു.

വത്തിക്കാൻ ക്രിക്കറ്റ് ടീം

ഫാ. ജോസ് ഈട്ടുള്ളി (ക്യാപ്റ്റൻ), ഫാ. നെൽസൺ പുത്തൻപറമ്പിൽ (കണ്ണൂർ), ഫാ. സാന്റോ തോമസ് (കണ്ണൂർ), ഫാ. പോൾസൺ കൊച്ചുതറ (കൊച്ചി), ഫാ. എബിൻ ഇല്ലിക്കൽ (തൃശ്ശൂർ), ബ്രദർ എബിൻ ജോസ് (ഇടുക്കി), ഫാ. ജോസ് റീച്ചൂസ് (തിരുവനന്തപുരം), ബ്രദർ ജെയ്‌സ് ജെയ്മി (കോതമംഗലം), ബ്രദർ അജയ് പൂവൻപുഴ (കണ്ണൂർ). ഫാ. പ്രിൻസ് അഗസ്റ്റിൻ (കോട്ടയം), ഫാ. അബിൻ മാത്യു (പാല), ഫാ. ജോജി കാവുങ്കൽ (ചാലക്കുടി).

Content Highlight: Vathikan Cricket Team are Full Kerala Players

We use cookies to give you the best possible experience. Learn more