രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയെ ഒതുക്കി ബി.ജെ.പി. നിലവില്‍ ബി.ജെ.പിയിലെ ജനപിന്തുണയുള്ള ഏക നേതാവായ വസുന്ധര രാജെയുടെ സംസ്ഥാന രാഷ്ട്രീയത്തിലെ സ്വാധീനം അവസാനിപ്പിക്കാനാണ് ബി.ജെ.പി കേന്ദ്രനേതൃത്വം ശ്രമിക്കുന്നത്.
ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷയായി വസുന്ധര രാജെയെ തെരഞ്ഞെടുത്തത് സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് മാറ്റാനുള്ള ശ്രമമായാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. രാജെയുടെ മകനും ജലവാര്‍ എം.പിയുമായ ദുഷ്യന്ത് സിംഗിനും പാര്‍ട്ടിയിലോ സംസ്ഥാന ഭരണ കാര്യങ്ങളിലും പ്രത്യേകിച്ച് ഉത്തരവാദിത്വങ്ങളൊന്നുമില്ല.
പാര്‍ട്ടി പരിപാടികള്‍ നിശ്ചയിക്കുന്നതിലും ഔദ്യോഗിക പരിപാടികളുടെ സംഘടനയിലും പതുക്കെ പതുക്കെ വസുന്ധര രാജെയുടെ ഇടപെടല്‍ കുറഞ്ഞുവരികയാണ്. മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി നടത്തുന്ന പരിപാടിയിലും വസുന്ധ രാജെ ഇല്ല.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും കേന്ദ്രനേതൃത്വം വസുന്ധര രാജെയെ കേള്‍ക്കാന്‍ തയ്യാറായില്ല. സംസ്ഥാനത്തെ 72 ബി.ജെ.പി എം.എല്‍.എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് വസുന്ധര രാജെ അവകാശപ്പെടുമ്പോഴും അവരൊന്നും തന്നെ മുന്‍ മുഖ്യമന്ത്രിയോട് ബന്ധപ്പെടുന്നില്ല ഇപ്പോള്‍.
സംസ്ഥാന അദ്ധ്യക്ഷനായി സതീഷ് പുനിയയെ ബി.ജെ.പി തെരഞ്ഞെടുത്തപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ വസുന്ധര രാജെ തയ്യാറായിരുന്നു. എന്നാല്‍ വസുന്ധര രാജെയെ നേരില്‍ കാണാന്‍ സതീഷ് പുനിയ ഇതുവരെ തയ്യാറായിട്ടില്ല.
ഭൈരോണ്‍ സിംഗ് ഷെഖാവത്ത് ആണ് സംസ്ഥാനത്ത് ബി.ജെ.പിയുടെ അടിത്തറ രൂപപ്പെടുത്തിയതെങ്കിലും അത് വിപുലപ്പെടുത്തിയത് വസുന്ധര രാജെയാണ്.
സംസ്ഥാനത്ത് ജനപിന്തുണയുള്ള നേതാവായ വസുന്ധരയെ ബി.ജെ.പി ഒതുക്കുകയാണ്, അതിനെതിരായ പ്രവര്‍ത്തനങ്ങള്‍ വസുന്ധര നടത്തുകയാണെഹ്കില്‍ അത് തങ്ങള്‍ക്ക് ഗുണപരമാവുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസ്.