| Saturday, 21st October 2023, 7:21 pm

ഒടുവില്‍ വസുന്ധര രാജെക്ക് സീറ്റ്; വോട്ട് കോണ്‍ഗ്രസിനെന്നുള്ള ഭീഷണി ഫലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: വരാനിരിക്കുന്ന രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബി.ജെ.പി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിപ്പട്ടികയില്‍ മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഇടം നേടി. തന്റെ പരമ്പരാഗതമായ മണ്ഡലമായ ജല്‍റാപട്ടാനില്‍ നിന്നാണ് വസുന്ധര രാജെ മത്സരിക്കുന്നത്.

ബി.ജെ.പിയുടെ ആദ്യ സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്ന് വസുന്ധര രാജെയെയും അനുയായികളെയും ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനെ തുടര്‍ന്ന് രാജസ്ഥാന്‍ ബി.ജെ.പിയില്‍ കടുത്ത അതൃപ്തി ഉണ്ടായിരുന്നു.

തനിക്കും അനുയായികള്‍ക്കും സീറ്റ് നല്‍കിയില്ലെങ്കില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് വസുന്ധര രാജെ സിന്ധ്യ പറഞ്ഞിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ അനുനയത്തിന്റെ ഭാഗമായി രാജെയുടെ നിരവധി അനുയായികളും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

എന്നാല്‍ നിലവിലെ പാര്‍ട്ടി എം.പിമാരെ ബി.ജെ.പി മത്സരിപ്പിക്കുന്നില്ലെന്നും നിലവിലെ എം.എല്‍.എമാരില്‍ നാലില്‍ മൂന്ന് പേര്‍ക്ക് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ടിക്കറ്റ് കിട്ടിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി വസുന്ധര രാജെ തര്‍ക്കത്തിലായിരുന്നതിനാല്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ രാജെയെ ഉള്‍ക്കൊള്ളിച്ചിരുന്നില്ല. 2018ലെ തെരഞ്ഞടുപ്പില്‍ നിന്ന് ജാട്ട് സമുദായത്തെ മാറ്റിനിര്‍ത്തുമെന്ന് ആരോപിച്ച് രാജസ്ഥാനിലെ ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്കുള്ള ഷെഖാവത്തിന്റെ നിയമനത്തെ രാജെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് രാജസ്ഥാന്‍ ബി.ജെ.പിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദയും പങ്കെടുത്ത ബി.ജെ.പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം, സംസ്ഥാനത്ത് അംഗീകരിക്കപ്പെട്ട രാജെയുടെ ജനപ്രീതി വിലയിരുത്താന്‍ ബി.ജെ.പി തീരുമാനിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വസുന്ധര രാജെ മധ്യപ്രദേശിലുള്ള ഗ്വാളിയോറിലെ മുന്‍ ഭരണാധികാരികളായ സിന്ധ്യ കുടുംബത്തില്‍ നിന്നാണ് വരുന്നത്. വസുന്ധരയുടെ അമ്മ വിജയരാജെ സിന്ധ്യ ഭാരതീയ ജനസംഘത്തിലെയും (ബി.ജെ.എസ്) പിന്നീട് ബി.ജെ.പിയിലെയും പ്രമുഖ നേതാവായിരുന്നു. സഹോദരന്‍ മാധവറാവു സിന്ധ്യ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്നു.

ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നവംബര്‍ 7നും 30നും ഇടയില്‍ തെരെഞ്ഞെടുപ്പ് നടക്കുമെന്നും ഫലം ഡിസംബര്‍ 3 ന് പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാജസ്ഥാനിലെ 200 സീറ്റുകളിലേക്ക് നവംബര്‍ 25ന് വോട്ടെടുപ്പ് നടക്കും.

Content Highlight: Vasundhara Raje  in B.J.P’s second list of Rajasthan candidate

We use cookies to give you the best possible experience. Learn more