“രണ്ടു കുട്ടി നയം ഉപേക്ഷിക്കുക. പകരം പത്താക്കണം. അവരെ ആരുനോക്കുമെന്നാലോചിച്ച് വിഷമിക്കേണ്ട. നിങ്ങളുടെ കുട്ടിയെ ദൈവം നോക്കിക്കോളും.” എന്നാണ് അദ്ദേഹം പറഞ്ഞത്.
നാഗ്പൂര്‍: ഹിന്ദുക്കള്‍ പത്തുകുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് ജ്യോതിര്‍മഠത്തിലെ ശങ്കരാചാര്യ വാസുദേവാനന്ദ് സരസ്വതി. ആര്‍.എസ്.എസ് സംഘടിപ്പിച്ച മൂന്നുദിവസത്തെ സംസ്‌കൃതി മഹാകുംഭിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“രണ്ടു കുട്ടി നയം ഉപേക്ഷിക്കുക. പകരം പത്താക്കണം. അവരെ ആരുനോക്കുമെന്നാലോചിച്ച് വിഷമിക്കേണ്ട. നിങ്ങളുടെ കുട്ടിയെ ദൈവം നോക്കിക്കോളും.” എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇന്ത്യയില്‍ ഗോവധം നിരോധിക്കുകയെന്ന നിയമം കൊണ്ടുവരുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുകയാണ് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് കുറ്റപ്പെടുത്തി.
ഭഗവതിന്റെ അഭിപ്രായം ഏറ്റുപിടിച്ച വസുദേവാനന്ദ് നോട്ടുനിരോധനം കൊണ്ടുവന്നതുപോലെ പെട്ടെന്നു തന്നെ ഗോവധ നിരോധനവും കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.
ഹിന്ദുവിനെ സംരക്ഷിക്കുകയെന്ന ആഹ്വാനത്തോടെയാണ് ആര്‍.എസ്.എസ് പരിപാടി അവസാനിച്ചത്. ഹിന്ദുക്കള്‍ അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന ആഹ്വാനത്തിനു പുറമേ ദേശീയ ജനസംഖ്യാനയം വേണമെന്ന ആവശ്യവും പരിപാടിയില്‍ ഉയര്‍ന്നുവന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നവിസും സമാപന യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന ആവശ്യവുമായി മോഹന്‍ ഭഗവതും നേരത്തെ രംഗത്തുവന്നിരുന്നു. “മറ്റുസമുദായങ്ങളില്‍ ജനനനിരക്ക് 8% മുകളില്‍ ആണെന്നിരിക്കെ ഹിന്ദുക്കളില്‍ ഇത് 2.1% ആണ്. ഈ നിലയില്‍ പോകുകയാണെങ്കില്‍ 2025 ഓടെ നമ്മുടെ സ്വന്തം രാജ്യത്തെ നിലനില്‍ക്കുകയെന്നതു തന്നെ നമ്മള്‍ വിസ്മരിക്കേണ്ടി വരും” എന്നായിരുന്നു ഭഗവതിന്റെ പ്രസ്താവന.