| Friday, 26th April 2024, 8:28 pm

തന്റെ നിരാശയില്‍ മമ്മൂട്ടിയുടെ കരിയര്‍ മാറ്റിയ ആ ചിത്രം ഡ്രോപ്പ് ചെയ്യാന്‍ നിര്‍മാതാവ് തീരുമാനിച്ചിരുന്നു: വാസുദേവന്‍ ഗോവിന്ദന്‍കുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോഷി സംവിധാനം ചെയ്ത് 1987ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ന്യൂ ഡെല്‍ഹി. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ മമ്മൂട്ടി ജി.കെ. എന്ന കഥാപാത്രമായാണ് എത്തിയത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഒരു വലിയ വഴിത്തിരിവായിരുന്നു ഈ ചിത്രം.

മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായാണ് ന്യൂ ഡെല്‍ഹിയെ കാണുന്നത്. രണ്ടു രാഷ്ട്രീയക്കാരുടെ അഴിമതികള്‍ വെളിച്ചത്ത് കൊണ്ടുവന്നതിനെത്തുടര്‍ന്ന് തടവിലാക്കപ്പെടുന്ന ദല്‍ഹിയിലെ ഒരു പത്രപ്രവര്‍ത്തകന്റെ പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ പറഞ്ഞത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതിനെ കുറിച്ച് പറയുകയാണ് അസോസിയേറ്റ് ഡയറക്ടര്‍ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി. മാസ്റ്റര്‍ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ന്യൂഡെല്‍ഹി സിനിമക്ക് വേണ്ടി ഞാനും ഡെന്നീസ് ജോസഫും ഇരുന്നാണ് ഇതിന്റെ തിരക്കഥ ഉണ്ടാക്കുന്നത്. അപ്പോഴാണ് നായകന് നല്ല പേര് കൊടുക്കണമെന്ന് ഡെന്നീസ് പറയുന്നത്. പേര് അല്ലാതെ ഇനീഷ്യല്‍ ആക്കിയാലോ എന്ന ചിന്തയായി.

ഒന്ന് രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നമുക്ക് ജി.കെയെന്നാക്കിയാലോ എന്ന് ഡെന്നീസ് ചോദിച്ചു. അത് എന്നെ വിളിക്കുന്ന പേരല്ലേയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആ പേര് നല്‍കിയാല്‍ എന്താണ് കുഴപ്പമെന്നാണ് ഡെന്നീസ് ചോദിച്ചത്.

ഹിന്ദുവില്‍ പണ്ട് ഒരു എഡിറ്റര്‍ ഉണ്ടായിരുന്നു. ജി. കൃഷ്ണമൂര്‍ത്തി എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അതുകൊണ്ട് അങ്ങനെയാക്കാമെന്ന് തീരുമാനിച്ചു. ഒരു ചേഞ്ച് ആകട്ടെയെന്ന് പറഞ്ഞ് പേരിന് പകരം ഇനീഷ്യല്‍ നല്‍കി.

ഞങ്ങള്‍ തിരക്കഥ എഴുതി ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. ഒരു സീന്‍ പോലും എഴുതിയിരുന്നില്ല. എങ്കിലും ഈ കഥ കേരളത്തില്‍ ചെയ്താല്‍ നില്‍ക്കില്ലെന്ന് തോന്നി. കാരണം കേരളത്തില്‍ ഇങ്ങനെയൊരു കാര്യം നടക്കില്ല. എന്നാല്‍ ദല്‍ഹിയാകുമ്പോള്‍ അവിടെ നടന്ന പല കാര്യങ്ങളും ഉണ്ട്. അതൊക്കെ വെച്ച് ചെയ്യാമെന്ന് തീരുമാനിച്ചു.

എന്നാല്‍ ദല്‍ഹിയില്‍ പോയി ഒരു പത്തു ദിവസം ആയിട്ടും സീന്‍ ഒന്നും റെഡിയായില്ല. എല്ലാവരും അവിടെ ദല്‍ഹിയില്‍ ഉണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം ജോയ് സാര്‍ (നിര്‍മാതാവ് ജോയ് തോമസ്) നമുക്ക് ഈ സിനിമ ഡ്രോപ്പ് ചെയ്താലോയെന്ന് പറഞ്ഞു. പത്തു ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്‌ക്രിപ്റ്റ് മുന്നോട്ട് പോകാതെ വന്നതിന്റെ നിരാശയായിരുന്നു അദ്ദേഹത്തിന്.

ജോഷി സാര്‍ രണ്ട് ദിവസങ്ങള്‍ കൂടെ നോക്കാമെന്ന് പറഞ്ഞു. അതിന്റെ അടുത്ത ദിവസം നാല് സീനുകള്‍ എഴുതി. അത് വായിച്ചതും സിനിമയുടെ ഷൂട്ട് തുടങ്ങാമെന്നും ബാക്കി വന്നോളുമെന്നും ജോഷി സാര്‍ പറഞ്ഞു. ഷൂട്ട് തുടങ്ങിയതും ബാക്കി സീനുകള്‍ തുടര്‍ച്ചയായി വന്നു തുടങ്ങി. ഒരു സീനുകളും നല്ല ഇന്‍ട്രസ്റ്റിങ്ങായിരുന്നു,’ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറഞ്ഞു.


Content Highlight: Vasudevan Govindankutty Talks About Joy Thomas And New Delhi Movie

We use cookies to give you the best possible experience. Learn more