അന്ന് എല്ലാവരും ആ സംവിധായകനും മമ്മൂട്ടിയും ഷെഡില്‍ കയറാന്‍ ആയെന്ന് പറഞ്ഞു: വാസുദേവന്‍ ഗോവിന്ദന്‍കുട്ടി
Entertainment
അന്ന് എല്ലാവരും ആ സംവിധായകനും മമ്മൂട്ടിയും ഷെഡില്‍ കയറാന്‍ ആയെന്ന് പറഞ്ഞു: വാസുദേവന്‍ ഗോവിന്ദന്‍കുട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 27th April 2024, 9:24 am

തുടര്‍ച്ചയായ പരാജയത്തിന്റെ ഇടയില്‍ മമ്മൂട്ടിക്ക് തന്റെ കരിയര്‍ മാറ്റിയ സിനിമ നല്‍കിയ സംവിധായകനാണ് ജോഷി. അദ്ദേഹം സംവിധാനം ചെയ്ത് 1987ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ന്യൂ ഡെല്‍ഹി.

മമ്മൂട്ടി ജി.കെ. എന്ന കഥാപാത്രമായി എത്തിയ ചിത്രം താരത്തിന്റെ കരിയറിലെ തന്നെ ഒരു വലിയ വഴിത്തിരിവായിരുന്നു. ഒരു പത്രപ്രവര്‍ത്തകന്റെ പ്രതികാരത്തിന്റെ കഥ പറഞ്ഞ ന്യൂ ഡെല്‍ഹി മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായാണ് കണക്കാക്കുന്നത്.

ചിത്രം തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റെയും സംവിധായകന്‍ ജോഷിയുടെയും വിജയം കൂടിയായിരുന്നു. ന്യൂ ഡെല്‍ഹിയുടെ വിജയത്തിന് ശേഷം മമ്മൂട്ടിയുടെ കരിയര്‍ മാറിയതിനെ കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി. മാസ്റ്റര്‍ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടക്ക് മമ്മൂട്ടിക്കും സംവിധായകന്‍ ജോഷിക്കും തങ്ങളുടെ ആത്മവിശ്വാസം നഷ്ടമായിരുന്നുവെന്നും എല്ലാവരും ആ സിനിമക്ക് മുമ്പ് ജോഷിയും മമ്മൂട്ടിയും ഷെഡില്‍ കയറാറായി എന്നായിരുന്നു പറഞ്ഞിരുന്നതെന്നും വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറയുന്നു.

‘ന്യൂ ഡെല്‍ഹി സിനിമ റിലീസായപ്പോള്‍ നായര്‍സാബിന്റെ ഷൂട്ടിങ് നടക്കുകയായിരുന്നു. അപ്പോഴാണ് ന്യൂ ഡെല്‍ഹി സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാണെന്ന് പറയുന്നത്. പിന്നെ മമ്മൂട്ടിക്ക് അടിവെച്ച് അടിവെച്ചുള്ള കയറ്റമായിരുന്നു. ഇടക്ക് മമ്മൂട്ടിക്കും ജോഷിക്കും കോണ്‍ഫിഡന്‍സ് നഷ്ടമായിരുന്നു.

എല്ലാവരും പറഞ്ഞത് ജോഷിയും മമ്മൂട്ടിയും ഷെഡില്‍ കയറാറായി എന്നായിരുന്നു. എന്നാല്‍ ന്യൂ ഡെല്‍ഹി ഹിറ്റായതോടെ രണ്ടുപേര്‍ക്കും അത് പുതുജീവന്‍ കൊടുത്തത് പോലെയായി,’ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറഞ്ഞു.


Content Highlight: Vasudevan Govindankutty Talks About Joshiy And Mammootty