ന്യൂദല്‍ഹി: സച്ചിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ നേരത്തേ തന്നെ വിരമിക്കല്‍ പ്രഖ്യാപനം നടത്തുമായിരുന്നു എന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വസിം അക്രം.
വിരമിക്കലിനെ കുറിച്ച് സച്ചിന്‍ വ്യക്തമായ പ്രഖ്യാപനം നടത്തുന്നത് സെലക്ടര്‍മാരെ സഹായിക്കും. സച്ചിനോട് വിരമിക്കലിനെ കുറിച്ച് പറയാന്‍ സെലക്ടര്‍മാര്‍ക്ക് മടിയുണ്ടാവും. പൂച്ചക്ക് ആര് മണികെട്ടും എന്നാവും അവര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. []
തുടര്‍ച്ചയായ രണ്ട് ടെസ്റ്റ് പരാജയങ്ങള്‍ സച്ചിന് മേലും സമ്മര്‍ദമുണ്ടാക്കും. തോല്‍വിയെ തുടര്‍ന്ന് ധോണിയുടെ തലയ്ക്കായി മുന്‍ ക്രിക്കറ്റര്‍മാര്‍ മുറവിളി കൂട്ടുകയാണ്. എന്നാല്‍, മുതിര്‍ന്ന താരമായതിനാലാണ് ആരും സച്ചിനെ വിമര്‍ശിക്കാന്‍ മുതിരാത്തത് എന്നും അക്രം പറഞ്ഞു.
സച്ചിന്‍ വിരമിക്കലിനെ കുറിച്ച് വ്യക്തമായ മറുപടി പറയുന്നത് പുതിയ കളിക്കാരനെ തെരഞ്ഞെടുക്കുന്നതിന് സഹായകമാവും. സച്ചിന്‍ ആദ്യമായി കളിക്കാനിറങ്ങിയപ്പോള്‍ അദ്ദേഹം നൂറ് സെഞ്ച്വറി തികയ്ക്കുമെന്നോ ബാറ്റിങ് റെക്കോഡുകള്‍ തകര്‍ക്കുമെന്നോ ആരും കരുതിയില്ല.
എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തിന് നേടാന്‍ ഒന്നും ബാക്കിയില്ല. താനായിരുന്നു സച്ചിന്റെ സ്ഥാനത്ത് എങ്കില്‍ നേരത്തേ തന്നെ വിരമിക്കല്‍ പ്രഖ്യാപനം നടത്തുമായിരുന്നു എന്നും അക്രം കൂട്ടിച്ചേര്‍ത്തു.