| Saturday, 4th November 2023, 3:22 pm

ഞങ്ങളെ ലോകത്തിന് മുന്നില്‍ നാണം കെടുത്തരുത്; പാക് മുന്‍ താരത്തിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി വസീം അക്രം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ കടുത്ത ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ താരമായ ഹസന്‍ റാസ രംഗത്തുവന്നിരുന്നു.

മത്സരത്തില്‍ കൂടുതല്‍ സ്വിങ്ങും സീമും ലഭിക്കാന്‍ ഐ.സി.സി വ്യത്യസ്തമായ പന്തുകള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നല്‍കിയെന്നായിരുന്നു റാസയുടെ ആരോപണം.

ഇപ്പോഴിതാ വിഷയത്തില്‍ റാസക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് താരം വസിം അക്രം.

റാസയുടെ ഈ ആരോപണം വ്യാജമാണെന്നും പാകിസ്ഥാനെ ലോകത്തിന് മുമ്പില്‍ അപമാനിക്കരുതെന്നുമാണ് വസിം പറഞ്ഞത്.

‘അത് തമാശയായിരുന്നു. ലോകത്തിന് മുമ്പില്‍ പാകിസ്ഥാനെ അപമാനിക്കരുത്. പത്ത് പന്തുകളുള്ള ഒരു പെട്ടി ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോവും. അതില്‍ നിന്നും രണ്ട് ടീമുകളും രണ്ട് പന്തുകള്‍ എടുക്കും. തെരഞ്ഞെടുത്ത പന്തുകള്‍ മാച്ച് റഫറിക്കും തുടര്‍ന്ന് ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്കും കൈമാറുന്നു. കൂടുതല്‍ പരിശീലനം നടത്തിയത് കൊണ്ടും മികച്ച പ്രകടനം പുറത്തെടുത്തതും കൊണ്ടാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കൂടുതല്‍ സ്വിങ് നേടുന്നത്,’ വസിം അക്രം ടി.വി ഷോക്കിടെ പറഞ്ഞു.

ശ്രീലങ്കക്കെതിരെയുള്ള മത്സരത്തില്‍ 302 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ബാറ്റര്‍മാര്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചപ്പോള്‍ 357 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യം ലങ്കക്ക് മുമ്പില്‍ ഉയര്‍ത്തുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക വെറും 55 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

മുഹമ്മദ് ഷമി അഞ്ച് ടിക്കറ്റുകളും മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. ഇതിന് പിന്നാലെ ഒരുപിടി മികച്ച നേട്ടങ്ങളും താരങ്ങളെ തേടിയെത്തി. ജയത്തോടെ ഏഴ് വിജയങ്ങളുമായി സെമിയിലേക്ക് മുന്നേറുന്ന ആദ്യ ടീമായി മാറാനും ഇന്ത്യക്ക് സാധിച്ചു.

Content Highlight: Vasim akram react raza controversial talk about Indian team.

We use cookies to give you the best possible experience. Learn more