കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രത്തില്‍ ഏറ്റവുമധികം പ്രശംസ ലഭിച്ച കഥാപാത്രമായിരുന്നു ഏജന്റ് ടീന. കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിങ്ങനെ നിരവധി പ്രതിഭകള്‍ അണിനിരന്ന ചിത്രത്തില്‍ തന്റെ ആക്ഷന്‍ സീനുകളിലൂടെ ശക്തമായ സ്ത്രീ സാന്നിധ്യമറിയിക്കാന്‍ ടീനക്കായി.
30 കൊല്ലമായി ഡാന്‍സ് ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന വാസന്തിയാണ് ടീനയെ സിനിമയില്‍ അവതരിപ്പിച്ചത്.
സിനിമയുടെ സെറ്റില്‍ വെച്ച് ലോകേഷ് കനകരാജുമായുള്ള അനുഭവങ്ങളെ കുറിച്ച് പറയുകയാണ് വാസന്തി. ലോകേഷ് സാര്‍ നന്നായി മോട്ടിവേറ്റ് ചെയ്യുമെന്നും കൊച്ചുകുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് പോലെ എടുക്കേണ്ട ഷോട്ടുകളെ കാണിച്ചുതരുമെന്നും വാസന്തി പറയുന്നു.
‘ലോകേഷ് സാര്‍ ഒന്നും പറയില്ല. ഡയലോഗ് തന്നിട്ട് കറക്ടായിട്ട് ചെയ്യണമെന്ന് പറയും. എങ്ങാനും പേടിച്ചാല്‍ ആ ഡയലോഗ് പറയും. അക്കാ പേടിക്കരുത്, പേടിച്ചാല്‍ കൊല്ലും എന്ന്. അക്കാ എത്ര വര്‍ഷമായി ഇന്‍ഡസ്ട്രിയിലുള്ളതാണ്, ധൈര്യമായി ചെയ്യാന്‍ പറയും. സിനിമ ഇറങ്ങുമ്പോള്‍ നോക്കിക്കോ, നിങ്ങളെ പറ്റി ആളുകള്‍ പറയുമെന്ന് എന്നോട് പറഞ്ഞിരുന്നു.
ഒരു ഷോട്ട് എടുത്തിട്ട് പിറ്റെ ദിവസം അതിന്റെ ബാക്കി ചെയ്യുമ്പോള്‍ തലേന്ന് ചെയ്തത് പോലെ നന്നാവണമെന്നില്ല. അപ്പോള്‍ ലോകേഷ് സാര്‍ പഴയത് എടുത്ത് കാണിച്ചിട്ട്, നേരത്തെ ചെയ്തത് കണ്ടില്ലേ, അത് തന്നെ ഇവിടെ വേണമെന്ന് പറയും. ഒരു കുട്ടിക്ക് പറഞ്ഞ് കൊടുക്കുന്നത് പോലെ അദ്ദേഹം എല്ലാം പറഞ്ഞ് തരും,’ വാസന്തി പറഞ്ഞു.
‘കമല്‍ സാറിന്റെ കൂടെ ഇതുവരെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. പ്രഭു മാസ്റ്ററുടെ കാതലാ കാതലാ പാട്ടില്‍ ഡാന്‍സ് കളിച്ച ഗ്രൂപ്പില്‍ ഞാനുമുണ്ടായിരുന്നു. അല്ലാതെ അസിസ്റ്റന്റ് കൊറിയോഗ്രാഫറായി കമല്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടില്ല.
വിക്രത്തിന്റെ സെറ്റില്‍ കമല്‍ സാര്‍ വന്നപ്പോള്‍ തന്നെ പേടിച്ചിട്ട് ഞാന്‍ വേറെ റൂമിലേക്ക് ഓടിപ്പോയി. ഞാനങ്ങനെ മാറി മാറി നടക്കുമ്പോള്‍ ലോകേഷ് സാര്‍ വന്നിട്ട് വാ കമല്‍ സാറിനെ പരിചയപ്പെടുത്താമെന്ന് പറഞ്ഞു. സാധാരണ കമല്‍ സാറിനെ പോലൊരു ആളിന്റെ അടുത്തേക്ക് സംവിധായകര്‍ അങ്ങനെ കൊണ്ടുപോയി പരിചയപ്പെടുത്താറില്ല. പക്ഷേ എന്നെ ലോകേഷ് സാര്‍ കമല്‍ സാറിന്റെ അടുത്ത് കൊണ്ട് ഇവരാണ് ടീന എന്ന കഥാപാത്രത്തെ ചെയ്യുന്നത് എന്ന് പറഞ്ഞു. കമല്‍ സാര്‍ കൈകൂപ്പി എന്നെ വിഷ് ചെയ്തു. വെറുതെ ഒരു ആശംസ പറഞ്ഞതേയുള്ളൂ. പക്ഷേ അത് തന്നെ കണ്ടപ്പോള്‍ എനിക്ക് ഒരു ആവേശം ലഭിച്ചു,’ വാസന്തി പറഞ്ഞു.
Content Highlight: Vasanthi talks about her experiences with Lokesh Kanakaraj on the set of vikram