| Monday, 6th June 2022, 9:06 am

കമല്‍ സാറിനെ പൊക്കിയെടുത്ത് ബെഡ്ഡിലേക്ക് ഇടുന്നതായിരുന്നു ആദ്യ ഷോട്ട്, ഞാനപ്പോള്‍ വിറക്കുകയായിരുന്നു: വാസന്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ അങ്ങനെ വലിയ താരനിര തന്നെ അണിനിരന്ന ചിത്രമാണ് വിക്രം. പ്രകടനം കൊണ്ട് ഓരോരുത്തരും ഞെട്ടിച്ച ചിത്രത്തില്‍ പേക്ഷകരെ അമ്പരിപ്പിച്ച ഒരു കഥാപാത്രമാണ് ഏജന്റ് ടീനയുടേത്.

30 കൊല്ലമായി ഡാന്‍സ് ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന വാസന്തിയാണ് ടീനയെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഫൈറ്റ് രംഗങ്ങള്‍ ചിത്രീകരിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സിനിമാ വികടന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വാസന്തി.

‘ഫൈറ്റെല്ലാം ഷൂട്ട് ചെയ്തതിന് ശേഷം എഡിറ്റ് ചെയ്ത ഒരു റഫ് കട്ട് ഞങ്ങളെ കാണിച്ചിരുന്നു. അത് കണ്ടതിന് ശേഷം കമല്‍ സാര്‍ അടുത്ത് വന്ന് നീ നന്നായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ കൈ കൂപ്പി സാറിനോട് നന്ദി പറഞ്ഞു. അഞ്ച് നിമിഷത്തേക്ക് ഞാന്‍ അങ്ങ് പൊങ്ങി പോയി. വീട്ടില്‍ വന്നു കമല്‍ സാര്‍ എന്നെ അഭിനന്ദിച്ചു എന്ന് പറഞ്ഞുകൊണ്ടേയിരുന്നു.

കമല്‍ സാറിനെ പൊക്കിയെടുത്ത് ബെഡ്ഡിലേക്ക് ഇടുന്നതായിരുന്നു എന്റെ ആദ്യ ഷോട്ട്. ആ രംഗത്തില്‍ ഞാന്‍ വിറക്കുകയായിരുന്നു. അത് കറക്ടായിട്ട് തന്നെ വരണം. കാരണം കമല്‍ സാര്‍ ഒരു ലെജന്റാണ്. സ്വപ്‌നമാണോ എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല.

ഫൈറ്റിന് വന്നവരെയൊക്കെ ഞാന്‍ ശരിക്കും അടിക്കുകയായിരുന്നു. ആദ്യമായിട്ടാടാ, അഡ്ജസ്റ്റ് ചെയ്യണേയെന്നൊക്കെ അവരോട് പറഞ്ഞു. ഫൈറ്റിനിടയില്‍ ഫോര്‍ക്ക് കയ്യില്‍ പിടിച്ച് മുടി കെട്ടാന്‍ പറ്റുന്നുണ്ടായിരുന്നില്ല. എന്നാല്‍ അക്കാ എങ്ങനെയേലും ചെയ്യ് അക്കാ എന്ന് ഡയറക്ടര്‍ സാര്‍ പറഞ്ഞുകൊണ്ടേയിരുന്നു. അപ്പോള്‍ എനിക്കും ആവേശമായി. അത് എങ്ങനെയോ ഞാന്‍ ചെയ്തു,’ വാസന്തി പറഞ്ഞു.

ഈ അടുത്തകാലത്ത് ഒരു സ്ത്രീ കഥാപാത്രം ചെയ്ത ഏറ്റവും മികച്ച ആക്ഷന്‍ സീനുകളാണ് ടീനയിലൂടെ വാസന്തി അവതരിപ്പിച്ചത്. സ്പൂണും ഫോര്‍ക്കുമൊക്കെ വെച്ചുള്ള അറ്റാക്കായിരുന്നു ഫൈറ്റിന്റെ ഹൈലൈറ്റ്.

തിയേറ്ററില്‍ ഇപ്പോഴും വിക്രത്തിനായി വലിയ തിരക്കാണ്. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് വിക്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Vasanthi shares her experiences while filming the fight scenes in vikram 

We use cookies to give you the best possible experience. Learn more