|

ജയിലര്‍ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ രജിനി സാറില്‍ ശ്രദ്ധിച്ച കാര്യം; കാലം ഇത്ര ആയിട്ടും അതില്‍ മാറ്റമില്ല: വസന്ത് രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2023ല്‍ പുറത്തിറങ്ങിയ ഹിറ്റ് രജിനികാന്ത് ചിത്രമായിരുന്നു ജയിലര്‍. സിനിമയില്‍ രമ്യ കൃഷ്ണന്‍, വസന്ത് രവി, തമന്ന, മിര്‍ണ മേനോന്‍, യോഗി ബാബു, സുനില്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഭാഗമായിരുന്നു. ഒപ്പം മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്റോഫ് എന്നിവര്‍ കാമിയോ റോളിലും എത്തിയിരുന്നു.

രജിനികാന്തിന്റെ മകനായാണ് വസന്ത് രവി ചിത്രത്തിലെത്തിയത്. രജിനികാന്തിനെ കുറിച്ച് സംസാരിക്കുകയാണ് വസന്ത് രവി. രജിനികാന്ത് ഒരു ഷോട്ട് എടുക്കുന്നതിന് മുമ്പ് ഡയലോഗുകള്‍ പറഞ്ഞുകൊണ്ടേയിരിക്കുമെന്ന് വസന്ത് പറയുന്നു. ഷോട്ടിന് മുമ്പ് ഒന്നിലധികം തവണ അദ്ദേഹം ഡയലോഗ് റിഹേഴ്‌സല്‍ ചെയ്യുമെന്നും അത് പണ്ടുമുതലേ ഉള്ള ശീലമാണെന്നും വസന്ത് കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് വസന്ത് രവി.

‘രജിനി സാറിനെ കുറിച്ച് ചോദിച്ചാല്‍ ഞാന്‍ എല്ലായിടത്തും പറയുന്ന ഒരു കാര്യമുണ്ട്. ജയിലര്‍ സിനിമയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്. നെല്‍സണ്‍ സാര്‍ ഡയലോഗ് ഉള്ള പേപ്പര്‍ കൊടുത്തിട്ടുണ്ടാകും. രജിനി സാര്‍ ഷോട്ട് ചെയ്യുന്നതിന് മുമ്പ് ആ ഡയലോഗുകള്‍ വളരെ കുറഞ്ഞ ശബ്ദത്തില്‍ പറഞ്ഞുകൊണ്ടേ ഇരിക്കും. ഒരു സീനില്‍ ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ഇല്ല. ഞങ്ങള്‍ രണ്ടും ഒന്നിച്ചില്ലാത്തൊരു ഷോട്ടായിരുന്നു.

ഞാന്‍ നോക്കുമ്പോള്‍ രജിനി സാര്‍ ഇനി പറയാനുള്ള ഡയലോഗുകള്‍ റിഹേഴ്‌സല്‍ ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു. ഒരു വട്ടം ഒന്നും അല്ല. കുറേ നേരമായി സാര്‍ അത് ചെയ്യാന്‍ തുടങ്ങിയിട്ട്. ഞാന്‍ അത് നോക്കിക്കൊണ്ടിരുന്നു. അത്രയും സിനിമയില്‍ അഭിനയിച്ചാലും ഒരു സീന്‍ എടുക്കുന്നതിന് മുമ്പ് അദ്ദേഹം അതിന് വേണ്ടി തയ്യാറാകുന്ന വിധം അത്ഭുതകരമാണ്.

അത് കഴിഞ്ഞാല്‍ അദ്ദേഹം വളരെ കൂള്‍ ആയി നമ്മളോട് പെരുമാറും. എന്നാല്‍ ഷോട്ടിന് മുമ്പ് അദ്ദേഹം വളരെ സീരിയസായി അത് നോക്കികാണും. പണ്ടുതൊട്ടേ ഉള്ള ശീലമാണെന്നാണ് ഞാന്‍ കേട്ടത്. അവരെ നോക്കിയാല്‍ തന്നെ നമുക്ക് പെര്‍ഫോമന്‍സില്‍ കുറെ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും,’ വസന്ത് രവി പറയുന്നു.

Content Highlight: Vasanth Ravi Talks About Rajinikanth