| Saturday, 12th August 2023, 5:46 pm

അതിനെപ്പറ്റി രജിനി സാറിനോട് ചോദിക്കണമെന്ന് തോന്നി, പക്ഷെ പറ്റിയില്ല: വസന്ത് രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയിലർ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ രജിനികാന്തിനോട് ഒരു അച്ഛനോടെന്ന സ്നേഹം തോന്നിയെന്ന് നടൻ വസന്ത് രവി. അദ്ദേഹത്തെ സിനിമയിലെപോലെ തന്നെ അപ്പാ എന്ന് വിളിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്നും അതിനെപ്പറ്റി ചോദിക്കാൻ പറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്. എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സെറ്റിൽ പല സീനുകളിലായി എനിക്ക് രജിനി സാറിനെ ‘അപ്പാ’ എന്ന് വിളിക്കാനുള്ള അവസരം കിട്ടി. അദ്ദേഹത്തോട് വളരെ സീരിയസായി സംസാരിക്കുമ്പോഴും അല്ലാതെ ഞങ്ങൾ എല്ലാവരുംകൂടി സമയം ചെലവഴിക്കുമ്പോഴും അദ്ദേഹത്തെ ‘രജിനി അപ്പാ’ എന്ന് വിളിക്കാൻ തോന്നി.

എനിക്ക് രജിനി അപ്പാ എന്ന് വിളിക്കാൻ പറ്റുമോയെന്ന്‌ പലതവണ ചോദിക്കണമെന്നുണ്ടായിരുന്നു. അതെന്റെ മനസ്സിൽ കിടക്കുകയായിരുന്നു. പക്ഷെ അതിനുള്ള ഒരു അവസരം കിട്ടിയില്ല.

പടം റിലീസായ ദിവസം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടപ്പോഴും, ക്ലൈമാക്സ് സീൻ കണ്ടപ്പോഴും എനിക്ക് അപ്പയെ പോലെ തോന്നി. റിയൽ ലൈഫിൽ ആണെങ്കിലും റീൽ ലൈഫിൽ ആണെങ്കിലും അദ്ദേഹം എനിക്ക് അപ്പയെ പോലെ തന്നെയാണ്, അപ്പാ തന്നെയാണ്.

ചിത്രത്തിലെ പാട്ട് രംഗങ്ങൾ ഷൂട്ട് ചെയ്തപ്പോഴേ എനിക്ക് അങ്ങനെ തോന്നിയിരുന്നു. ക്ലൈമാക്സ് ഒക്കെ ഷൂട്ട് ചെയ്യുമ്പോൾ, സാർ ഞാൻ നിങ്ങളെ അപ്പാ എന്ന് വിളിച്ചോട്ടെയെന്ന്‌ ചോദിക്കണമെന്നുണ്ടായിരുന്നു. എന്റെ ആഗ്രഹം അങ്ങനെയാണ്, അദ്ദേഹം അതിന് അനുവദിച്ചാൽ സന്തോഷം,’ വസന്ത് രവി പറഞ്ഞു.

നെല്‍സണ്‍ ദിലിപ്കുമാറിന്റെ സംവിധാനത്തില്‍ രജിനികാന്ത് നായകനായ ജയിലറാണ് വസന്തിന്റെ ഏറ്റവും പുതിയ ചിത്രം. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. തമന്ന, മോഹൻലാൽ, മിർന, രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlights: Vasanth Ravi on Rajnikanth

We use cookies to give you the best possible experience. Learn more