കുന്ദാപുര്‍: പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നാടക അക്കാദമി പുരസ്‌കാരം തിരിച്ചുനല്‍കാനൊരുങ്ങി നാടകപ്രവര്‍ത്തകന്‍. പ്രൊഫ. വസന്ത് ബന്നഡിയാണ് താന്‍ പുരസ്‌കാരം തിരിച്ചുനല്‍കുന്നതായി ഫേസ്ബുക്കില്‍ കുറിച്ചത്.
ഗൗരി ലങ്കേഷിന്റെയും കല്‍ബുര്‍ഗിയുടെയും കൊലപാതകം നടന്ന സമയത്ത് പുരസ്‌കാരം തിരികെ നല്‍കണമെന്നു പറഞ്ഞപ്പോള്‍ താന്‍ ക്ഷമയോടെ കാത്തിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണു നടക്കുന്നതെന്നും അദ്ദേഹം ഡെക്കാന്‍ ഹെറാള്‍ഡിനോടു പറഞ്ഞു.
‘രാജ്യത്തെ അനധികൃത കുടിയേറ്റം പുതിയ സംഭവമല്ല. മുന്‍ സര്‍ക്കാരുകള്‍ ഇവരെ സ്വന്തം രാജ്യത്തേക്കു തിരിച്ചുകയറ്റി വിടാന്‍ ശ്രമിച്ചിരുന്നു. അവരെ തിരിച്ചുവിടുന്നതില്‍ ഒരെതിര്‍പ്പുമില്ല. പക്ഷേ, പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും വഴി മതാടിസ്ഥാനത്തില്‍ സമൂഹത്തെ വിഭജിക്കുന്നതു ശരിയല്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രതിഷേധത്തെ ബലം പ്രയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതു ശരിയല്ല. അണ്ണാ ഹസാരെയുടെ നിരാഹാര സമരത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്തതു ജാഗ്രതയോടെയാണ്. എന്‍.ആര്‍.സിയും പൗരത്വ ഭേദഗതിയും ഭാവിയില്‍ ഹിന്ദുക്കളെയും ബാധിക്കും.’- അദ്ദേഹം പറഞ്ഞു.
2002-ല്‍ ലഭിച്ച പുരസ്‌കാരവും തുകയുമാണു തിരിച്ചുനല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. രാജ്യാന്തര തലത്തിലും നിയമത്തെ എതിര്‍ത്തുകൊണ്ടു ശബ്ദങ്ങള്‍ ഉയരുന്നുണ്ട്. പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കിയതില്‍ ഇന്ത്യയെ വിമര്‍ശിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.