വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കേണ്ടത് ഔദാര്യമല്ല കടമയാണ്, 15,000-ത്തിലധികം കുട്ടികള്‍ കുടുങ്ങി കിടക്കുമ്പോഴല്ല അവസരം മുതലെടുക്കേണ്ടത്: വരുണ്‍ ഗാന്ധി
national news
വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കേണ്ടത് ഔദാര്യമല്ല കടമയാണ്, 15,000-ത്തിലധികം കുട്ടികള്‍ കുടുങ്ങി കിടക്കുമ്പോഴല്ല അവസരം മുതലെടുക്കേണ്ടത്: വരുണ്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th February 2022, 3:44 pm

ന്യൂദല്‍ഹി: ഉക്രൈന്‍ ദൗത്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനെ വിമര്‍ശിച്ച് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. ഉചിതമായ നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു.

ഉക്രൈനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുക്കാത്തതിനാല്‍ 15,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും യുദ്ധക്കളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.

കൃത്യവും തന്ത്രപരവും നയതന്ത്രപരവുമായ നടപടികള്‍ സ്വീകരിച്ചുകൊണ്ട് അവരുടെ സുരക്ഷിതമായി തിരിച്ച് എത്തിക്കേണ്ടത് ഔദാര്യമല്ല മറിച്ച് നമ്മുടെ ഉത്തരവാദിത്തമാണ്. എല്ലാ ദുരന്തങ്ങളിലും അവസരം മുതലെടുക്കാന്‍ ശ്രമിക്കരുത്,’ വരുണ്‍ ഗാന്ധി ട്വീറ്റില്‍ പറഞ്ഞു.

ഉക്രൈന്‍ ദൗത്യത്തില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. സൈന്യം വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് രാഹുല്‍ഗാന്ധി കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

ഒരു രക്ഷിതാവും ഈ രംഗം കണ്ടിരിക്കില്ലെന്നും എന്താണ് രക്ഷാദൗത്യ പദ്ധതിയെന്ന് വിദ്യാര്‍ത്ഥികളുടെ കുടംബങ്ങളെ അറിയിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഉക്രൈന്‍ രക്ഷാദൗത്യം വന്‍ വിജയമാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടതിന് പിന്നാലെയാണ് പല കോണുകളില്‍ നിന്നും കേന്ദ്രത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നത്.

അതേസമയം, ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യം കേന്ദ്ര സര്‍ക്കാര്‍ വ്യാപിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയില്‍ നിന്നുള്ള മന്ത്രിമാര്‍ ഉക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് പോകും.

കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, റിട്ട. ജനറല്‍ വി.കെ. സിംഗ് എന്നിവരാണ് അതിര്‍ത്തിയിലേക്ക് പോകുന്നത്. അയല്‍രാജ്യങ്ങളിലേക്കുള്ള പലായനം ദൗത്യം ഏകോപിപ്പിക്കാനും വിദ്യാര്‍ത്ഥികളെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര. തിങ്കളാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്.


Content Highlights: Varun Gandhi shares his opinion on Ukraine’s issue