സീറ്റില്ലെങ്കിലും പിലിഭിത്തില്‍ തുടരും; ബി.ജെ.പിയോട് തെറ്റിപ്പിരിഞ്ഞതോടെ വൈകാരികമായ കത്ത് പങ്കുവെച്ച് വരുണ്‍ ഗാന്ധി
India
സീറ്റില്ലെങ്കിലും പിലിഭിത്തില്‍ തുടരും; ബി.ജെ.പിയോട് തെറ്റിപ്പിരിഞ്ഞതോടെ വൈകാരികമായ കത്ത് പങ്കുവെച്ച് വരുണ്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th March 2024, 9:21 pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചതിന് പിന്നാലെ വൈകാരികമായ കത്ത് പങ്കുവെച്ച് വരുണ്‍ ഗാന്ധി. സീറ്റ് നല്‍കിയില്ലെങ്കിലും പിലിഭിത്തില്‍ തന്നെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ വരുണ്‍ ഗാന്ധിയുടെ കത്ത് ഇപ്പോള്‍ വൈറലാണ്.

എന്ത് വില നല്‍കേണ്ടി വന്നാലും പിലിഭിത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

സീറ്റ് ലഭിക്കാത്തകിനെ തുടര്‍ന്ന് ബി.ജെ.പി നേതൃത്വത്തിനെതിരെ വരുണ്‍ ഗാന്ധി കടുത്ത അതൃപ്തിയിലാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നതിനായുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. എന്നാല്‍ 2014ലും 2019ലും പിലിഭിത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച വരുൺ ​ഗാന്ധിക്ക് ഇത്തവണ സീറ്റ് നല്‍കാന്‍ ബി.ജെ.പി തയ്യാറായില്ല.

ആദ്യഘട്ടത്തില്‍ തന്നെ തെരഞ്ഞെടുപ്പ് നടക്കുന്ന പിലിഭിത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ബുധനാഴ്ച അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈകാരികമായ കത്തുമായി വരുണ്‍ ഗാന്ധി രംഗത്തെത്തിയത്.

അതിനിടെ, അമേഠിയില്‍ കോണ്‍ഗ്രസിന്റെയും സമാജ്‌വാദി പാര്‍ട്ടിയുടെയും സഖ്യ സ്ഥാനാര്‍ത്ഥിയായി വരുണ്‍ ഗാന്ധി മത്സരിക്കുമെന്നും അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. ഇരു പാര്‍ട്ടികളും വരുണ്‍ ഗാന്ധിയെ സ്വാഗതം ചെയ്ത് കൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ വാര്‍ത്തകളോട് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരായ തുടര്‍ച്ചയായ പ്രസ്താവനകളാണ് വരുണ്‍ ഗാന്ധിക്ക് സീറ്റ് നിഷേധിക്കാന്‍ കാരണം. എന്നാല്‍ വരുണ്‍ ഗാന്ധിയുടെ അമ്മ മേനക ഗാന്ധിക്ക് സുല്‍ത്താന്‍പൂരില്‍ തന്നെ ബി.ജെ.പി സീറ്റ് നല്‍കിയിട്ടുണ്ട്.

Content Highlight: Varun Gandhi in emotional letter to Pilibhit voters after BJP Lok Sabha snub