| Saturday, 13th April 2019, 5:57 pm

മുസ്‌ലിംങ്ങള്‍ എനിക്ക് വോട്ട് തന്നില്ലെങ്കിലും അവരെ സഹായിക്കും: വരുണ്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.പി: മുസ്‌ലിംങ്ങള്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ പോലും അവര്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമാണെങ്കില്‍ തന്നെ സമീപിക്കാമെന്ന് വരുണ്‍ ഗാന്ധി. താനൊരു മുസ്‌ലിം വിരുദ്ധനല്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് വരുണിന്റെ പ്രതികരണം.

‘ എന്റെ പിതാവിനും (സഞ്ജയ് ഗാന്ധി) അമ്മൂമയ്ക്കും (ഇന്ദിരാ ഗാന്ധി) നിങ്ങള്‍ വോട്ട് ചെയ്തു. എനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ പോലും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ ദയവ് ചെയ്ത് വരണം’ വരുണ്‍ഗാന്ധി പറഞ്ഞു.

ജനങ്ങളുടെ പിന്തുണയും സ്‌നേഹവും ലഭിക്കുന്നത് കൊണ്ടാണ് ജയിക്കുന്നതെന്നും മുസ്‌ലിംങ്ങളുടെ വോട്ട് കിട്ടാതെയാണ് ജയിക്കുന്നതെങ്കില്‍ ദുഖകരമാണെന്ന് ഹേമമാലിനിയും പ്രതികരിച്ചിട്ടുണ്ട്.

തനിക്കുവോട്ടു ചെയ്തില്ലെങ്കില്‍ മുസ്ലീങ്ങള്‍ അവരുടെ ആവശ്യവുമായി തന്നെ സമീപിച്ചാല്‍ പരിഗണിക്കില്ലെന്ന് മനേകാ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മകന്‍ വരുണ്‍ ഗാന്ധിയുടെയും ഹേമമാലിനിയുടെയും പ്രസ്താവന.

‘ഞാന്‍ ഇതിനകം തന്നെ തെരഞ്ഞെടുപ്പില്‍ ജയിച്ചതാണ്. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്’ എന്നും മനേകാ ഗാന്ധി മുന്നറിയിപ്പു നല്‍കി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ കൂടിനിന്ന മുസ്ലീങ്ങളോടാണ് മനേക ഗാന്ധി ഇത്തരത്തില്‍ സംസാരിച്ചത്.

‘ഇത് സുപ്രധാനമാണ്. ഞാന്‍ ജയിക്കും. ജനങ്ങളുടെ പിന്തുണയും സ്നേഹവും കാരണമാണ് ഞാന്‍ ജയിക്കുന്നത്. പക്ഷേ മുസ്ലീങ്ങളുടെ വോട്ടില്ലാതെയാണ് എന്റെ ജയമെങ്കില്‍, അത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. കാര്യങ്ങള്‍ കുറച്ചുകൂടി പ്രശ്നത്തിലാവും. ഏതെങ്കിലും മുസ്ലിം എന്തെങ്കിലും ആവശ്യത്തിന് എന്നെ സമീപിച്ചാല്‍, എന്തിന് വന്നെന്ന് ഞാന്‍ കരുതും. എല്ലാം കൊടുക്കല്‍ വാങ്ങല്‍ അല്ലേ? നമ്മളെല്ലാം മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ? (ചിരിക്കുന്നു) . ‘ എന്നാണ് മനേകാ ഗാന്ധി പറഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more