ലഖ്‌നൗ: ബി.ജെ.പി നേതാവ് വരുണ്‍ ഗാന്ധിക്കെതിരെ പരാതിയുമായി ബി.എസ്.എന്‍.എല്‍. 38000 രൂപയുടെ ടെലഫോണ്‍ ബില്‍ വരുണ്‍ ഗാന്ധി അടക്കാനുണ്ടെന്നും ബില്‍ അടക്കണമെന്ന നിര്‍ദേശം അദ്ദേഹം അവഗണിച്ചുവെന്നും ബി.എസ്.എന്‍.എല്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നല്‍കിയ പരാതിയില്‍ പറയുന്നു.
വരുണിനെതിരെ നടപടിയെടുക്കണമെന്നും ബി.എസ്.എന്‍.എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യു.പിയിലെ പിലിഭിത്തില്‍ നിന്നാണ് വരുണ് ഗാന്ധി ജനവിധി തേടുന്നത്.
മാര്‍ച്ച് 30 നാണ് വരുണിനെതിരെ നടപടിയാവശ്യപ്പെട്ട് ബി.എസ്.എന്‍.എല്‍ പിലിഭിത്ത് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കുന്നത്. 2009 മുതല്‍ 2014 വരെയുള്ള കാലയളവിലുള്ള ടെലഫോണ്‍ ബില്ലായ 38616 രൂപ വരുണ്‍ ഗാന്ധി അടച്ചിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നുത്.
വരുണ്‍ ഗാന്ധിയുടെ ഓഫീസ് ഫോണില്‍ വന്ന ബില്ലാണ് ഇത്. അതേസമയം തങ്ങളുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് വരുണ്‍ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതെന്നും ബി.എസ്.എന്‍.എല്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ എല്ലാ സ്ഥാനാര്‍ത്ഥികളും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ ലെറ്റര്‍ കൂടി നല്‍കേണ്ടതാണ്. എന്നാല്‍ വരുണ്‍ ഗാന്ധിയുടെ നടപടി തെരഞ്ഞെടുപ്പ് ചട്ടത്തിന് എതിരാണന്നും അദ്ദേഹത്തിന്റെ നോമിനേഷന്‍ തള്ളാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും ബി.എസ്.എന്‍.എല്‍ ചൂണ്ടിക്കാട്ടുന്നു.
2014 ല്‍ സുല്‍ത്താന്‍പൂരില്‍ നിന്നാണ് വരുണ് ഗാന്ധി ജനവിധി തേടിയത്. വരുണ്‍ ഗാന്ധിയുടെ അമ്മ മനേകാ ഗാന്ധിയുടെ മണ്ഡലമായ പിലിബിത്തില്‍ നിന്നാണ് ഇത്തവണ വരുണ്‍ ജനവിധി തേടുന്നത്. മനേകാ ഗാന്ധി സുല്‍ത്താന്‍പൂരിലും മത്സരിക്കും.